ഷാര്‍ജ: വനിതാ ട്വന്റി20 ചലഞ്ച് ഫൈനലില്‍ സൂപ്പര്‍നോവാസിനെ അട്ടിമറിച്ച് ട്രെയില്‍ബ്ലെയ്‌സേഴ്‌സിന് കിരീടം. ഹാട്രിക്ക് കിരീടം ലക്ഷ്യമിട്ടെത്തിയ സൂപ്പര്‍നോവാസിനെ 16 റണ്‍സിന് തകര്‍ത്താണ് ട്രെയില്‍ബ്ലെയ്‌സേഴ്‌സ് കന്നിക്കിരീടം സ്വന്തമാക്കിയത്. 

ട്രെയില്‍ബ്ലെയ്‌സേഴ്‌സ് ഉയര്‍ത്തിയ 119 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സൂപ്പര്‍നോവാസിന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

36 പന്തില്‍ നിന്ന് രണ്ടു ഫോറുകളടക്കം 30 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് സൂപ്പര്‍നോവാസിന്റെ ടോപ് സ്‌കോറര്‍. ചമരി അട്ടപ്പട്ടു (6), ജെമിമ റോഡ്രിഗസ് (13), തനിയ ഭാട്ടിയ (14) എന്നിവര്‍ക്കൊന്നും തന്നെ വിജയത്തിലേക്ക് പൊരുതിനോക്കാനായില്ല. 

സല്‍മ ഖാട്ടുന്‍ ട്രെയില്‍ബ്ലെയ്‌സേഴ്‌സിനായി മൂന്നു വിക്കറ്റ് വീഴ്ത്തി. ദീപ്തി ശര്‍മ രണ്ടു വിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ട്രെയില്‍ബ്ലെയ്‌സേഴ്‌സ് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 118 റണ്‍സെടുത്തത്.

ഓപ്പണിങ് വിക്കറ്റില്‍ 67 പന്തില്‍ 71 റണ്‍സടിച്ച ശേഷം ട്രെയില്‍ബ്ലെയ്‌സേഴ്‌സ് തകരുകയായിരുന്നു. 49 പന്തില്‍ നിന്ന് മൂന്നു സിക്‌സും അഞ്ചു ഫോറുമടക്കം 68 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്മൃതി മന്ദാനയാണ് ട്രെയില്‍ബ്ലെയ്‌സേഴ്‌സിന്റെ ടോപ് സ്‌കോറര്‍. ദിയാന്ദ്ര ഡോട്ടിന്‍ 20 രണ്‍സെടുത്തു. 

പിന്നീട് വന്നവര്‍ക്ക് ആര്‍ക്കും തന്നെ ട്രെയില്‍ബ്ലെയ്‌സേഴ്‌സ് സ്‌കോറിലേക്ക് കാര്യമായി സംഭാവനചെയ്യാനായില്ല. 

നാല് ഓവറില്‍ വെറും 16 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റെടുത്ത രാധ യാദവാണ് ട്രെയില്‍ബ്ലെയ്‌സേഴ്‌സിനെ തകര്‍ത്തത്.

Content Highlights: Trailblazers beat Supernovas Women s T20 Challenge Final