വെല്ലിങ്ടണ്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ന്യൂസീലന്‍ഡിന് അഞ്ചുവിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 272 റണ്‍സ് വിജയലക്ഷ്യം ന്യൂസിലന്‍ഡ് 48.2 ഓവറില്‍ മറികടന്നു. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ന്യൂസീലൻഡ് സ്വന്തമാക്കി (2-0).

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 78 റണ്‍സെടുത്ത തമീം ഇഖ്ബാലിന്റെയും 73 റണ്‍സ് നേടിയ മുഹമ്മദ് മിഥുന്റെയും മികവില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെടുത്തു. 34 റണ്‍സെടുത്ത മുഷ്ഫിഖുര്‍ റഹീമും 32 റണ്‍സ് നേടിയ സൗമ്യ സര്‍ക്കാരും മികച്ച പ്രകടനം പുറത്തെടുത്തു. ന്യൂസീലന്‍ഡിനായി മിച്ചല്‍ സാന്റ്‌നര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ട്രെന്റ് ബോള്‍ട്ട്, മാറ്റ് ഹെന്റി, കൈല്‍ ജാമിസണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിനായി നായകന്‍ ടോം ലാതം സെഞ്ചുറി നേടി. വില്യംസണിന്റെ അഭാവത്തില്‍ ലാതമാണ് ടീമിനെ നയിച്ചത്. 108 പന്തുകളില്‍ നിന്നും പത്ത് ബൗണ്ടറികളുടെ സഹായത്തോടെ പുറത്താവാതെ 110 റണ്‍സെടുത്ത ലാതം ടീമിനെ വിജയത്തിലെത്തിച്ചു. ലാതമാണ് കളിയിലെ താരം. 30 റണ്‍സെടുത്ത ജെയിംസ് നീഷാമും 20 റണ്‍സ് നേടിയ മാര്‍ട്ടിന്‍ ഗപ്റ്റിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ബംഗ്ലാദേശിനായി മുസ്താഫിസുര്‍ റഹ്മാനും മെഹ്ദി ഹസ്സനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Content Highlights: Tom Latham's ton gives New Zealand five-wicket win over Bangladesh in 2nd ODI, seal series 2-0