കൊല്‍ക്കത്ത: കിവീസിനെതിരെ പരമ്പര തൂത്തുവാരിയ ഇന്ത്യന്‍ ടീമിന് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ അഭിനന്ദനം. എന്നാല്‍ വിജയത്തില്‍ അമിതാവേശം വേണ്ടെന്നും യഥാര്‍ത്ഥ ഒന്നാം നമ്പര്‍ ടീമാകണമെങ്കില്‍ വിദേശത്തും വിജയം നേടണമെന്നും ഗാംഗുലി പറഞ്ഞു.

''ഇന്ത്യയില്‍ ഇനി നടക്കാനുള്ള ടെസറ്റുകളില്‍ 50 ശതമാനത്തിലും ഇന്ത്യ വിജയിക്കുമെന്നുറപ്പാണ്. അതിന് ശേഷമാണ് യഥാര്‍ഥ പരീക്ഷണം ആരംഭിക്കുന്നത്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷണാഫ്രിക്ക പര്യടനത്തിനിടയില്‍ ഇന്ത്യ ശരിക്കും വെള്ളം കുടിക്കും'' ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയില്‍ എനിക്ക് പൂര്‍ണ വിശ്വാസമാണ്. കോലിയുടെ ദീര്‍ഘവീക്ഷണവും വിജയദാഹവും ഇന്ത്യയെ മുന്നോട്ടു നയിക്കും. ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ടു നയിക്കുന്നത് കോലിയായിരിക്കുമെന്നും കോലിക്ക് സ്വന്തമായി അഭിപ്രായങ്ങളുണ്ടെന്നും ഗാംഗുലി പറഞ്ഞു. വിദേശ പര്യടനങ്ങളില്‍ കോലിക്കും ടീമിനും മികച്ച പ്രകടനം നടത്താന്‍ കഴിയട്ടെ എന്നും ഗാംഗുലി ആശംസിച്ചു. 

''തൊണ്ണൂറുകളുടെ അവസാനത്തിലും 2000ത്തിന്റെ തുടക്കത്തിലുമുള്ള ഓസ്‌ട്രേലിയന്‍ ടീമായിരുന്നു യഥാര്‍ഥ നമ്പര്‍ വണ്‍ ടീം. അവര്‍ വിദേശത്തും സ്വദേശത്തും എതിരാളികള്‍ക്കു മേല്‍ ആധിപത്യം സ്ഥാപിച്ചു. ഇപ്പോഴുള്ള ഇന്ത്യന്‍ ടീമിനും അതിന് സാധിക്കും. ഒരു മികച്ച ക്യാപ്റ്റനും നന്നായി പന്തെറിയുന്ന സ്പിന്നേഴ്‌സും ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്.

ഫാസ്റ്റ് ബൗളര്‍മാരായ മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ് എന്നിവര്‍ കൃത്യമായ ലൈനിലും ലെങ്തിലും പന്തെറിഞ്ഞാല്‍ ഇന്ത്യയെ പരാജയപ്പെടുത്താന്‍ ആര്‍ക്കുമാകില്ല.'' ഗാംഗുലി ഇന്ത്യന്‍ ടീമിനെ പ്രശംസിച്ചു.