ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ഫാസ്റ്റ് ബൗളര്‍ എന്ന തന്റെ റെക്കോഡ് മറികടന്ന ജെയിംസ് ആന്‍ഡേഴ്‌സനെ അഭിനന്ദിച്ച് ഓസിസ് പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത്. 

''ഇത്രയും കാലം ഈ റെക്കോഡ് സ്വന്തമാക്കിവെച്ചതില്‍ ഏറെ അഭിമാനമുണ്ട്. എന്നാല്‍ തന്നില്‍ നിന്ന് ജിമ്മിയെ പോലൊരാള്‍ ഈ നേട്ടം സ്വന്തമാക്കിയത് വലിയ കാര്യമാണ്'', ബി.ബി.സി റേഡിയോക്ക് അനുവദിച്ച അഭിമുഖത്തില്‍ മഗ്രാത്ത് വ്യക്തമാക്കി. 

താന്‍ ഏറെ ബഹുമാനിക്കുന്ന ബൗളറാണ് ജിമ്മി. 140-ലേറെ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിരിക്കുന്നു അദ്ദേഹം. ഇപ്പോഴും ഓരോ ദിവസവും ഓടിക്കൊണ്ടിരിക്കുന്നു. മത്സരങ്ങളില്‍ ഇപ്പോഴും അതേ മികവ് തുടരുന്നു, ജിമ്മിയെ ഓര്‍ത്ത് താന്‍ ഏറെ അഭിമാനിക്കുന്നുവെന്നും മഗ്രാത്ത് കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഓവല്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഷമിയെ പുറത്താക്കിയ ആന്‍ഡേഴ്‌സന്‍ 564 വിക്കറ്റുകളുമായി മഗ്രാത്തിന്റെ റെക്കോഡ് മറികടന്നിരുന്നു. 143-ാം ടെസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ ഈ നേട്ടം. മഗ്രാത്തിന്റെ അക്കൗണ്ടില്‍ 563 വിക്കറ്റുകളാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ 563-ാം വിക്കറ്റ് ആന്‍ഡേഴ്‌സന്റേതായിരുന്നു.

Content Highlights: to be beaten by somebody like jimmy is great glenn mcgrath