കൊച്ചി: മുന്‍ ഇന്ത്യന്‍ പേസര്‍ ടിനു യോഹന്നാനെ കേരള രഞ്ജി ടീം പരിശീലകനായി നിയമിച്ചു. മൂന്നു വര്‍ഷം ടീമിനൊപ്പമുണ്ടായിരുന്ന മുന്‍ ഓസ്‌ട്രേലിയന്‍ താരം ഡേവ് വാട്ട്‌മോറിന് പകരക്കാരനായിട്ടാണ് യോഹന്നാന്റെ നിയമനം. വാട്ട്‌മോറിന്റെ കീഴില്‍ രഞ്ജി ചരിത്രത്തിലാദ്യമായി കേരളം സെമിയില്‍ കടന്നിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണിലെ ടീമിന്റെ മോശം പ്രകടനം വാട്ട്‌മോറിന് തിരിച്ചടിയായി.

നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി മാതൃകയില്‍ ക്രിക്കറ്റ് താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ട് കെ.സി.എ ആരംഭിച്ച ഹൈ പെര്‍ഫോമന്‍സ് സെന്ററിന്റെ (എച്ച്.പി.സി) ഡയറക്റ്ററാണ് ടിനു. ഇന്ത്യന്‍ ദേശീയ ടീമിനായി ടെസ്റ്റ് കളിച്ച ആദ്യ മലയാളി താരമാണ് അദ്ദേഹം. 2001-ലെ ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ ടെസ്റ്റിലായിരുന്നു അരങ്ങേറ്റം. മൂന്നു ടെസ്റ്റ് മത്സരങ്ങളില്‍ കളിച്ചു.

2002-ല്‍ വെസ്റ്റിന്‍ഡീസിനെതിരെയായിരുന്നു ഏകദിന അരങ്ങേറ്റം. മൂന്ന് ഏകദിന മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്.

Content Highlights: tinu yohannan selected as kerala ranji team coach