ഇസ്ലാമാബാദ്: ലോകം കോവിഡ്-19 ഭീതിയില്‍ നില്‍ക്കെ ജാതി, മത, സാമ്പത്തിക ഭേദമന്യേ ഈ വിപത്തിനെതിരേ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്ന് മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഐബ് അക്തര്‍. തന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താരം ഇക്കാര്യം പറഞ്ഞത്.

ഒന്നിച്ചുനിന്ന് അധികാരികള്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അക്തര്‍ അഭ്യര്‍ഥിച്ചു. കോവിഡ്-19 ഒരു ആഗോള പ്രതിസന്ധിയാണ്, മതത്തിന്റെ പേരിലെ വ്യത്യാസമൊന്നുമില്ലാതെ നാം ഒറ്റക്കെട്ടായി നിന്ന് ഇതിനെ പ്രതിരോധിക്കണമെന്നും അക്തര്‍ ആവശ്യപ്പെട്ടു.

ഈ പ്രതിസന്ധി ഘട്ടത്തില്‍ സാധനങ്ങളുടെ പൂഴ്ത്തിവെയ്പ്പ് നടത്തരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ''പൂഴ്ത്തിവെയ്പ്പുകാര്‍ ഒന്ന് ദിവസവേതനക്കാരെ കുറിച്ച് ആലോചിക്കണം. കടകളെല്ലാം കാലിയാണ്. മൂന്നു മാസത്തിനപ്പുറം നമ്മളെല്ലാം ജീവനോടെ ഉണ്ടാകുമെന്ന കാര്യം ഉറപ്പുണ്ടോ? ദിവസവേതനക്കാരെ കുറിച്ച് ഒന്നാലോചിച്ചു നോക്കൂ. അവരെങ്ങനെ കുടുംബം പുലര്‍ത്തും. മനുഷ്യരെ കുറിച്ച് ചിന്തിക്കൂ. ഹിന്ദുവോ മുസ്ലീമോ അല്ല മനുഷ്യനാകേണ്ട സമയമാണിത്. പരസ്പരം സഹായിക്കുക. പൂഴ്ത്തിവയ്പ്പ് അവസാനിപ്പിക്കുക''-അക്തര്‍ പറഞ്ഞു.

സമ്പന്നര്‍ ഇതെല്ലാം അതിജീവിക്കുമെന്നും പക്ഷേ ദരിദ്രര്‍ എങ്ങനെ ജീവിക്കുമെന്നും അക്തര്‍ ചോദിക്കുന്നു. മൃഗങ്ങളെ പോലെ ജീവിക്കുന്നത് നിര്‍ത്തി മനുഷ്യരെ പോലെ ജീവിക്കൂ എന്നും അദ്ദേഹം പറയുന്നു. പരസ്പരം സഹായിക്കേണ്ട സമയമാണിത്. സാധനങ്ങളെല്ലാം വാങ്ങിക്കൂട്ടുന്നത് നിര്‍ത്തണം. നമുക്ക് മനുഷ്യരായി ജീവിക്കാം അക്തര്‍ പറഞ്ഞു.

ചൈനയിലെ വുഹാന്‍ നഗരത്തില്‍ നിന്ന് ഉത്ഭവിച്ച കൊറോണ വൈറസ് ഇതുവരെ നൂറിലധികം രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും 3,00,000 ത്തിലധികം ആളുകളെ ബാധിക്കുകയും 13,000 ത്തിലധികം പേരുടെ മരണത്തിന് കാരണമാകുകയും ചെയ്തിട്ടുണ്ട്. പാകിസ്താനില്‍ ഇതുവരെ സ്ഥിരീകരിച്ച 800 ഓളം കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, അഞ്ച് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

Content Highlights: Time To Be Human, Not Hindu, Muslim Shoaib Akhtar