ക്രൈസ്റ്റ്ചര്‍ച്ച്: കളിക്കളത്തിലെ അമിതാവേശത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ പിന്തുണച്ച് ന്യൂസീലന്‍ഡ് താരം ടിം സൗത്തി. ഒരു റേഡിയോ ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു സൗത്തിയുടെ പ്രതികരണം.

''കോലി വളരെ ആവേശവാനാണ്, കളിക്കളത്തില്‍ ഏറെ ഊര്‍ജസ്വലനും. എപ്പോഴും തന്റെ കഴിവിന്റെ പരമാവധി കളിക്കളത്തില്‍ പുറത്തെടുക്കാന്‍ ശ്രമിക്കാറുമുണ്ട്. കോലി ഇത്തരത്തില്‍ വിമര്‍ശിക്കപ്പെടാന്‍ മാത്രം എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ എനിക്കുറപ്പില്ല'', സൗത്തി പറഞ്ഞു.

കാണികളോടോ വില്യംസണോടോ കോലി എന്താണ് പറഞ്ഞതെന്ന് അറിയില്ല. ഇരു ടീമുകളും തികഞ്ഞ മത്സരബുദ്ധിയോടെയാണ് ഈ പരമ്പരയില്‍ കളിച്ചതെന്നും സൗത്തി കൂട്ടിച്ചേര്‍ത്തു.

അതേസമയം മത്സര ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കളിക്കളത്തിലെ തന്റെ അമിതാവേശത്തെ കുറിച്ച് ചോദിച്ചതിന് ഒരു മാധ്യമപ്രവര്‍ത്തകനോട് കോലി കടുത്ത ഭാഷയില്‍ സംസാരിക്കുകയും ചെയ്തിരുന്നു.

കിവീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലായിരുന്നു കോലിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് കാരണമായ സംഭവങ്ങള്‍ നടന്നത്. കിവീസ് നായകന്‍ കെയ്ന്‍ വില്യംസന്റെ വിക്കറ്റ് ആക്രോശത്തോടെ ആഘോഷിച്ച കോലി, കാണികളെ നോക്കി തെറിപറയുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ ഷമിയുടെ പന്തില്‍ ടോം ലാഥം പുറത്തായതിനു ശേഷവും കാണികള്‍ക്കു നേരെ ആക്രോശിച്ച കോലി മിണ്ടാതിരിക്കാനുള്ള ആംഗ്യം കാണിക്കുകയും സഭ്യമല്ലാത്ത വാക്കുകള്‍ പ്രയോഗിക്കുകയും ചെയ്തിരുന്നു.

Content Highlights: Tim Southee reacts after Virat Kohli’s outburst in second Test