ക്രൈസ്റ്റ്ചർച്ച്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഋഷഭ് പന്തിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയപ്പോൾ ലോകകപ്പ് തന്നെ കൈവിട്ടതായി തോന്നിയെന്ന് ന്യൂസീലന്റ് താരം ടിം സൗത്തി. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ അഞ്ച് റൺസിൽ നിൽക്കെയാണ് കെയ്ൽ ജമെയ്സൺന്റെ പന്തിൽ ഋഷഭ് പന്ത് നൽകിയ അനായാസ ക്യാച്ച് സ്ലിപ്പിൽ ടിം സൗത്തി കൈവിട്ടത്.

'അതിനെ കുറിച്ച് പിന്നീട് ചിന്തിച്ചില്ല എന്നു പറഞ്ഞാൽ അത് നുണയാകും. അതിന് കാരണം ഋഷഭ് പന്തിന്റെ ബാറ്റിങ് ശൈലി തന്നെയാണ്. അഞ്ചോ ആറോ ഓവറിൽ മത്സരത്തിന്റെ ഗതി മാറ്റാൻ ഋഷഭ് പന്തിന് കഴിയും. മികച്ച മത്സരം നടക്കുന്നതിനിടെ ആ ക്യാച്ച് കൈവിട്ടതോടെ ഞാൻ പലതും ആലോചിക്കാൻ തുടങ്ങി. മത്സരം തന്നെ കൈവിട്ടോ എന്നുവരെ ചിന്തിച്ചു. പക്ഷേ അതെല്ലാം മാറ്റിവെച്ച് എനിക്ക് അടുത്ത ഓവറിൽ ബൗൾ ചെയ്യണമായിരുന്നു.

41 റൺസെടുത്ത് ഇന്ത്യയുടെ ടോപ്പ് സ്കോററായ ഋഷഭ് പന്ത് ഒടുവിൽ ബോൾട്ടിന്റെ പന്തിൽ പുറത്തായപ്പോൾ ഏറ്റവും കൂടുതൽ ആശ്വസിച്ചത് ഞാനായിരുന്നു. കാരണം ക്രിക്കറ്റിൽ ക്യാച്ച് കൈവിടുക എന്നത് വലിയ ദുരന്തമാണ്. ക്യാച്ച് കൈവിടുമ്പോൾ സ്വന്തം ടീം അംഗങ്ങളേയാണ് നിങ്ങൾ കൈവിടുന്നത്.' സൗത്തി വ്യക്തമാക്കുന്നു.

Content Highlights: Tim Southee describes what he felt after dropping Rishabh Pants catch in WTC final