മെല്‍ബണ്‍: ഒരു വനിതാ സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന ആരോപണത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച് ടിം പെയ്ന്‍.

2017-ല്‍ ഗാബയില്‍ നടന്ന ആഷസ് ടെസ്റ്റിനിടെ ടിം പെയ്ന്‍ ഒരു വനിതാ സഹപ്രവര്‍ത്തകയ്ക്ക് തന്റെ മോശം ചിത്രവും അശ്ലീല സന്ദേശങ്ങളും അയച്ചുവെന്നതാണ് ആരോപണം.

ഹൊബാര്‍ട്ടില്‍ നടന്ന ഒരു വാര്‍ത്താസമ്മേളനത്തിലാണ് പെയ്ന്‍ തന്റെ രാജിക്കാര്യം അറിയിച്ചത്. 

ആഷസ് പരമ്പരയ്ക്ക് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെയുള്ള താരത്തിന്റെ രാജി ഓസ്‌ട്രേലിയന്‍ ടീം മാനേജ്‌മെന്റിന് തലവേദനയാകും. ലൈംഗികാതിക്രമം ആരോപിച്ച് പെയ്‌നിനെതിരേ ഓസ്ട്രേലിയന്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.

2018 മാര്‍ച്ചിലാണ് ഓസീസ് ടെസ്റ്റ് ടീമിന്റെ 46-ാമത്തെ ക്യാപ്റ്റനായി ടിം പെയ്ന്‍ നിയമിക്കപ്പെട്ടത്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനു തന്നെ നാണക്കേടുണ്ടാക്കിയ ദക്ഷിണാഫ്രിക്കയിലെ പന്തുചുരണ്ടല്‍ വിവാദത്തിനു ശേഷം ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്തിന് വിലക്ക് ലഭിച്ചതോടെയാണ് പെയ്ന്‍ ക്യാപ്റ്റന്‍ സ്ഥാനത്തെത്തുന്നത്.

Content Highlights: tim paine resigns as australia captain after getting embroiled in a sexting scandal