Photo: Getty Images
കഴിഞ്ഞ വര്‍ഷം ഇന്ത്യ - ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്കിടെ ഇന്ത്യന്‍ താരം മുഹമ്മദ് സിറാജിന് ഓസ്ട്രേലിയന്‍ കാണികളുടെ ഭാഗത്തു നിന്ന് മോശം പെരുമാറ്റം നേരിടേണ്ടതായി വന്നിരുന്നു. ബോര്‍ഡര്‍ - ഗവാസ്കര്‍ പരമ്പരയില്‍ സിഡ്നിയില്‍ നടന്ന മൂന്നാം ടെസ്റ്റിനിടെ ഗാലറിയിലെ ഒരു വിഭാഗം കാണികള്‍ സിറാജിനെ വംശീയമായി അധിക്ഷേപിക്കുകയായിരുന്നു. ഇത് പിന്നീട് വലിയ വിവാദങ്ങള്‍ക്കും വഴിവെച്ചു.
ഇപ്പോഴിതാ കളിക്കിടെയുണ്ടായ സംഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് അന്ന് ഓസ്ട്രേലിയന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന ടിം പെയ്ന്. അന്ന് സിഡ്നി മൈതാനത്തെ കാണികളുടെ പെരുമാറ്റം തനിക്ക് നിരാശയുണ്ടാക്കിയെന്നും പെയ്ന് വ്യക്തമാക്കി.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തൊട്ടുമുമ്പാണ് സിറാജിന്റെ പിതാവ് മരിക്കുന്നത്. എന്നാല്‍ നാട്ടിലേക്ക് മടങ്ങുന്നതിന് പകരം ടീമിനൊപ്പം തുടരാന്‍ സിറാജ് തീരുമാനിക്കുകയായിരുന്നു. പ്രത്യേകിച്ചും അച്ഛന്റെ മരണത്തില്‍ ആകെ തകര്‍ന്ന് നില്ക്കുമ്പോള് സിറാജിന് നേരെയുണ്ടായ ഓസീസ് കാണികളുടെ പെരുമാറ്റം ഒരിക്കലും അംഗീകരിക്കാനാകാത്തതാണെന്നും പെയ്ന് കൂട്ടിച്ചേര്‍ത്തു.
''അന്ന് സിറാജിന്റെ അടുത്തേക്ക് ചെന്നത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. അവന്റെ കണ്ണ്നിറഞ്ഞിരുന്നു, കവിളിലൂടെ കണ്ണീര് ഒഴുകുകയായിരുന്നു. ആ മോശം പെരുമാറ്റം അവനെ വല്ലാതെ ബാധിക്കുകയും ആഴത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തിരുന്നു. അച്ഛന്റെ വിയോഗത്തിലൂടെ കടന്നുപോകുന്ന ഒരു കുട്ടിയാണത്. പരമ്പരാഗതമായി ഓസ്ട്രേലിയക്കാര്‍ സന്ദര്‍ശക ക്രിക്കറ്റ് ടീമുകളോട് നന്നായി പെരുമാറുന്നവരാണ്. എന്നാല്‍ ഇങ്ങനെ സംഭവിച്ചത് തീര്‍ത്തും നിരാശാജനകമായി.'' - പെയ്ന് പറഞ്ഞു. ബോര്‍ഡര്‍ - ഗവാസ്കര്‍ ടെസ്റ്റ് പരമ്പര അടിസ്ഥാനമാക്കി വൂട്ട് നിര്‍മിച്ച ഡോക്യുമെന്ററിയിലാണ് പെയ്ന് ഇക്കാര്യം വ്യക്തമാക്കുന്നത്.
ബോര്‍ഡര്‍ - ഗവാസ്കര്‍ പരമ്പരയില്‍ 2021 ജനുവരിയില്‍ നടന്ന സിഡ്നി ടെസ്റ്റിന്റെ മൂന്നാം ദിനമാണ് വിവാദങ്ങള്‍ക്കിടയാക്കിയ സംഭവമുണ്ടായത്. ഗ്രൗണ്ടില്‍ വെച്ച് ചില ഓസ്ട്രേലിയന്‍ ആരാധകര്‍ മുഹമ്മദ് സിറാജിനെയും ജസ്പ്രീത് ബുറയേയും വംശീയമായി അധിക്ഷേപിക്കുകയായിരുന്നു. മദ്യപിച്ച് ഗ്രൗണ്ടിലെത്തിയ ചില ഓസ്ട്രേലിയന്‍ ആരാധകരാണ് സിറാജിനോട് മോശമായി സംസാരിച്ചത്. ഇക്കാര്യം ഉടന്‍തന്നെ സിറാജ് നായകനായ അജിങ്ക്യ രഹാനെയെ അറിയിച്ചു. രഹാനെ പെട്ടന്നുതന്നെ അമ്പയര്‍മാര്‍ക്ക് പരാതി സമര്‍പ്പിച്ചു. പിന്നാലെ നാലാം ദിനത്തിലും സംഭവം ആവര്‍ത്തിച്ചതോടെ സിറാജിനോട് മോശമായി പെരുമാറിയ ആറ് ഓസ്ട്രേലിയന്‍ ആരാധകരെ സിഡ്നി ക്രിക്കറ്റ് മൈതാനത്ത് നിന്ന് പുറത്താക്കുകയും ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..