ഓവല്‍: ആഷസിലെ അവസാന ടെസ്റ്റില്‍ ടിം പെയ്‌നും പീറ്റര്‍ സിഡിലും കളിച്ചത് പരിക്ക് വകവെയക്കാതെ. ടിം പെയ്ന്‍ തന്നെയാണ് മത്സരശേഷം ഇക്കാര്യം വെളിപ്പെടുത്തിയത്. പെയ്നിന്റെ വിരലിനും സിഡിലിന് ഇടുപ്പിനുമാണ് പരിക്കേറ്റത്. എന്നാല്‍ താരങ്ങളുടെ പരിക്കില്‍ ഓസീസ് മെഡിക്കല്‍ സംഘം ആശങ്ക കാട്ടാതിരുന്നതോടെ ഇരുവരും തുടര്‍ന്ന് കളിക്കുകയായിരുന്നു. 

'അഞ്ചാം ടെസ്റ്റിന്റെ അവസാന ഘട്ടത്തിലെത്തിയപ്പോള്‍ വിരല്‍ ഒടിഞ്ഞു. പക്ഷേ, സ്ഥാനം തെറ്റിയിരുന്നില്ല. അതുകൊണ്ടുതന്നെ കളി തുടരാന്‍ തീരുമാനിച്ചു. ആദ്യദിനം പീറ്റര്‍ സിഡില്‍ കടുത്ത നടുവേദനയിലാണ് ബൗള്‍ ചെയ്തത്. അദ്ദേഹം ശരിയായി ബൗള്‍ ചെയ്തില്ലെന്ന് പലരും വിമര്‍ശിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ അവസ്ഥ ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ജോഷ് ഹേസല്‍വുഡിനും പാറ്റ് കമ്മിന്‍സിനും അധികഭാരം നല്‍കാതിരിക്കാനാണ് സിഡില്‍ വീണ്ടും ബൗള്‍ ചെയ്തത്. അദ്ദേഹം ഒരു പോരാളിയാണ്'- ടിം പെയ്ന്‍ മത്സരശേഷം വ്യക്തമാക്കി.

ഒരു പതിറ്റാണ്ടോളമായി വലത് കൈവിരലിലെ പരിക്ക് പെയ്നിനെ അലട്ടുന്നുണ്ട്. 2010 നവംബറില്‍ ഓള്‍ സ്റ്റാര്‍സ് ട്വന്റി-20ക്കിടെയായിരുന്നു പെയ്നിന്റെ വിരലിന് സാരമായി പരിക്കേറ്റത്. ശേഷം പലതവണ സമാന പരിക്ക് പെയ്നിനെ അലട്ടി. നിരവധി തവണ ശസ്ത്രക്രിയക്ക് വിധേയനായി.

Content Highlights: Tim Paine Played With Broken Thumb  Peter Siddle Played With Injuries