മെല്‍ബണ്‍: ഐ.പി.എല്ലിലൂടെ ലഭിക്കുന്ന കോടികള്‍ മുന്നില്‍കണ്ട് ഓസീസ് താരങ്ങള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയോട് മൃദുസമീപനം സ്വീകരിക്കുന്നുവെന്ന മൈക്കല്‍ ക്ലാര്‍ക്കിന്റെ വിമര്‍ശനത്തോട് പ്രതികരിച്ച് ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്ന്‍.
കോലിയെ സുഖിപ്പിക്കുന്ന താരങ്ങളെ അറിയില്ലെന്നു പറഞ്ഞ പെയ്ന്‍ കോലിയെ പ്രകോപിപ്പിക്കാതിരിക്കുന്നത് ബാറ്റുകൊണ്ട് നല്ല മറുപടി കിട്ടുമെന്ന് അറിയുന്നതുകൊണ്ടാണെന്നും വ്യക്തമാക്കി.
ഓസീസ് താരങ്ങള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ സ്ലെഡ്ജ് ചെയ്യാന്‍ പേടിച്ചിരുന്നുവെന്നായിരുന്നു മുന്‍ ക്യാപ്റ്റന്‍ കൂടിയായ മൈക്കല്‍ ക്ലാര്‍ക്കിന്റെ വിമര്‍ശനം. ഇന്ത്യന്‍ താരങ്ങളില്‍ പലര്‍ക്കും ഐ.പി.എല്‍ താരലേലത്തില്‍ വ്യക്തമായ സ്വാധീനം ഉള്ളതു തന്നെയാണ് കാരണമെന്നും ക്ലാര്‍ക്ക് പറഞ്ഞിരുന്നു.
ഓസ്‌ട്രേലിയയ്ക്കു വേണ്ടി കളിക്കുമ്പോള്‍ ഐ.പി.എല്ലിന്റെ കാര്യം മനസ്സിലേക്കു വരാറില്ലെന്നു പറഞ്ഞ പെയ്ന്‍ ഓസീസ് താരങ്ങള്‍ ടീമിന്റെ വിജയത്തിനായി എല്ലാം മറന്ന് പോരാടുന്നവരാണെന്നും കൂട്ടിച്ചേര്‍ത്തു. പ്രകോപിപ്പിക്കുമ്പോള്‍ കോലി ബാറ്റിങ്ങില്‍ മികവിലേക്ക് ഉയരുകയാണ് പതിവ്. അതുകൊണ്ടുതന്നെ സംയമനത്തോടെ കളിച്ച് അദ്ദേഹത്തെ വേഗം പുറത്താക്കാനാണ് ശ്രമിക്കാറുള്ളതെന്നും പെയ്ന്‍ വ്യക്തമാക്കി. ക്രിക്ഇന്‍ഫോയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Content Highlights: Tim Paine over Michael Clarke’s Virat Kohli scared comment