സിഡ്നി: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ മൈതാനത്ത് തന്റെ ഭാഗത്തുനിന്നുമുണ്ടായ മോശം പെരുമാറ്റത്തില്‍ ക്ഷമ ചോദിച്ച് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ടീം പെയ്ന്‍.
മത്സരത്തിലുടനീളം തന്റെ മൂഡ് ശരിയായിരുന്നില്ലെന്നും ക്യാപ്റ്റനെന്ന നിലയില്‍ ഒരു മോശം മത്സരമായിരുന്നു ഇതെന്നും പെയ്ന്‍ പറഞ്ഞു.
സിഡ്‌നി ടെസ്റ്റിന്റെ അഞ്ചാം ദിനം ഇന്ത്യ സമനിലയ്ക്കായി പൊരുതവേ അശ്വിനെതിരേ പെയ്ന്‍ മോശം വാക്കുകള്‍ ഉപയോഗിച്ചത് സ്റ്റമ്പ് മൈക്ക് ഒപ്പിയെടുത്തിരുന്നു. ഇരുവരും തമ്മില്‍ പലപ്പോഴും വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടുകയും ചെയ്തു.
മൂന്നാം ടെസ്റ്റിനിടെ ഡി.ആര്‍.എസ് തീരുമാനം എതിരായതിനെ തുടര്‍ന്ന് ഓണ്‍ഫീല്‍ഡ് അമ്പയറോട് മോശമായി പെരുമാറിയ പെയ്‌നിന് മാച്ച് ഫീയുടെ 15 ശതമാനം പിഴ ശിക്ഷ ലഭിക്കുകയും ചെയ്തിരുന്നു.
''ഈ ടീമിനെ നയിക്കാന്‍ സാധിക്കുന്നതില്‍ സ്വയം അഭിമാനിക്കുന്ന ഒരാളാണ് ഞാന്‍. പക്ഷേ ഇന്നലെ അതിന്റെ മോശം പ്രതിഫലനമായിരുന്നു. എന്റെ ക്യാപ്റ്റന്‍സി മോശമായിരുന്നു. കളിയുടെ സമ്മര്‍ദം എന്നെ കീഴ്പ്പെടുത്തി. അതെന്റെ മാനസികാവസ്ഥയേയും ബാധിച്ചു. അതാകട്ടെ എന്റെ പ്രകടനത്തില്‍ പ്രതിഫലിക്കുകയും ചെയ്തു.'' - പെയ്ന്‍ പറഞ്ഞു.
ഇരു ടീമുകളും തമ്മിലുള്ള ബന്ധം 99 ശതമാനം സമയവും മികച്ചതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മത്സരം അവസാനിച്ചതിനുശേഷം താന്‍ വേഗത്തില്‍ പോയി അശ്വിനുമായി സംസാരിച്ചുവെന്നും പെയ്ന്‍ പറഞ്ഞു.
Content Highlights: Tim Paine apologises for his on-field behaviour in SCG Test