ലണ്ടന്‍: 99 രാജ്യാന്തര സെഞ്ചുറികള്‍ക്ക് ശേഷം ഒരു വര്‍ഷത്തിലേറെക്കാലം കാത്തിരുന്നാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്റെ 100-ാം സെഞ്ചുറി കണ്ടെത്തുന്നത്. സച്ചിനും ക്രിക്കറ്റ് ആരാധകരും അക്ഷമയോടെ കാത്തിരുന്ന സമയമായിരുന്നു അത്. ഇതിനിടെ പലതവണ സച്ചില്‍ 90-കളില്‍ വീണുപോകുന്നതും നമ്മള്‍ കണ്ടു. ഇപ്പോഴിതാ സച്ചിനെ ഇത്തരത്തില്‍ 90-കളില്‍ വീഴ്ത്തിയതിന് തനിക്കും അമ്പയര്‍ക്കും നേരെ വധഭീഷണി വരെ ഉണ്ടായ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ടിം ബ്രെസ്‌നന്‍.
2011-ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടെയായിരുന്നു സംഭവം. നാലു മത്സര പരമ്പരയിലെ മൂന്നു ടെസ്റ്റുകളും ഇന്ത്യ തോറ്റു. നാലാം ടെസ്റ്റ് നടക്കുന്നത് ഓവലില്‍. സച്ചിനും അതൊരു മോശം പരമ്പരയായിരുന്നു. മൂന്നു ടെസ്റ്റുകളില്‍ നിന്ന് ഒരു അര്‍ധ സെഞ്ചുറി മാത്രമേ സച്ചിന് സ്വന്തമാക്കാന്‍ സാധിച്ചിരുന്നുള്ളൂ. എന്നാല്‍ നാലാം ടെസ്റ്റില്‍ സച്ചിന്‍ മികച്ച രീതിയില്‍ ബാറ്റു ചെയ്തു. 91 റണ്‍സില്‍ നില്‍ക്കെ ബ്രെസ്‌നന്റെ പന്ത് സച്ചിന്റെ പാഡില്‍ തട്ടി. ഇംഗ്ലണ്ട് താരങ്ങളെല്ലാം ശക്തമായി അപ്പീല്‍ ചെയ്തു. അതോടെ ഓസ്‌ട്രേലിയന്‍ അമ്പയര്‍ റോഡ് ടക്കര്‍ വിരലുയര്‍ത്തി. പക്ഷേ ലെഗ് സ്റ്റമ്പിന് പുറത്തേക്ക് പോകേണ്ട പന്തായിരുന്നു അത്. അന്ന് ബി.സി.സി.ഐ ഡി.ആര്‍.എസിനെതിരായ നിലപാടിലായതു കാരണം അമ്പയറുടെ തീരുമാനം പുനഃപരിശോധിക്കാനുള്ള സൗകര്യവും ഉണ്ടായിരുന്നില്ല. ആരാധകരെ നിരാശയിലാണ് വീണ്ടും സച്ചിന്‍ 90-കളില്‍ പുറത്ത്.
എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം തനിക്കും അമ്പയര്‍ക്കും ഇതിനെ തുടര്‍ന്ന് വധഭീഷണികള്‍ ലഭിക്കാന്‍ തുടങ്ങിയതായി ബ്രെസ്‌നന്‍ വെളിപ്പെടുത്തി. യോര്‍ക്ക്‌ഷെയര്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു താരം. ബ്രെസ്‌നന് ട്വിറ്ററിലൂടെയായിരുന്നു വധഭീഷണികള്‍ ഏറെയും. ടക്കറിനാകട്ടെ ഓസ്‌ട്രേലിയയിലെ അഡ്രസ്സില്‍ കത്തുകളായാണ് അവ ലഭിച്ചത്. പേടികാരണം താന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുകയാണെന്നും ഓസ്‌ട്രേലിയയിലെ വീട്ടില്‍ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തേണ്ടി വന്നതായും അദ്ദേഹം പറഞ്ഞതായി ബ്രെസ്‌നന്‍ വെളിപ്പെടുത്തി.
2011 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലാണ് സച്ചിന്‍ തന്റെ 99-ാം രാജ്യാന്തര സെഞ്ചുറി നേടിയത്. പിന്നീട് ഒരു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം 2012-ലെ ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് സച്ചിന്റെ 100-ാം രാജ്യാന്തര സെഞ്ചുറി പിറക്കുന്നത്.
Content Highlights: Tim Bresnan on death threats after denying sachin tendulkar his 100th ton