മെല്‍ബണ്‍: പന്ത് ചുരണ്ടല്‍ വിവാദമുണ്ടാക്കിയ കളങ്കത്തില്‍ നിന്ന് മോചിതരാകാനുള്ള ശ്രമത്തിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. പുതിയ നായകന്‍ ടിം പെയ്‌നിന്റെയും പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറിന്റേയും നേതൃത്വത്തില്‍ അതിനായി ഒരുങ്ങുകയാണ് ഓസിസ് ടീം. പാകിസ്താനെതിരേ രണ്ടു ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് ഇനി അവരെ കാത്തിരിക്കുന്നത്.

യു.എ.ഇയിലാണ് പരമ്പര നടക്കുന്നത്. ഒക്ടോബര്‍ 7-ന് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ആദ്യ ടെസ്റ്റോടെ പരമ്പരയ്ക്ക് തുടക്കമാകും. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സ്പിന്നിനെ തുണയ്ക്കുന്ന ഉണങ്ങിയ പിച്ചിലാണ് ഓസിസിന് പാകിസ്താനോട് ഏറ്റുമുട്ടേണ്ടത്.

ഇക്കാരണത്താല്‍ തന്നെ സ്പിന്‍ ബൗളിങ്ങായിരിക്കും ഓസിസിനെതിരേയുള്ള പാകിസ്താന്റെ പ്രധാന ആയുധം. കഴിഞ്ഞ തവണ പാക് സ്പിന്‍ ബൗളിങ്ങിനു മുന്നില്‍ ഓസിസ് നന്നായി വിയര്‍ത്തിരുന്നു. ഇത്തവണ സുല്‍ഫിക്കര്‍ ബാബറിനെയും ഷദാബ് ഖാനെയുമാകും അവര്‍ക്ക് നേരിടേണ്ടി വരിക.

എന്നാല്‍ ഇത്തവണ പാകിസ്താന്റെ സ്പിന്‍ വെല്ലുവിളി നേരിടാന്‍ കച്ചകെട്ടിയാണ് ഇത്തവണ ഓസിസ് എത്തുന്നത്. ടീമിന്റെ ബൗളിങ് പരിശീലകന്‍ എസ്. ശ്രീറാം രണ്ട് ഇന്ത്യന്‍ റിസ്റ്റ് സ്പിന്നര്‍മാരെ ഓസിസിനെ പരിശീലിപ്പിക്കാനായി കണ്ടെത്തിയിട്ടുണ്ട്. ഇതിലൊരാള്‍ കോഴിക്കോട് നരിക്കുനി സ്വദേശിയാണ്. 

സ്ലോ ലെഫ്റ്റ് ആം സ്പിന്നര്‍ കെ.കെ ജിയാസ്, ലെഗ് സ്പിന്നര്‍ പ്രദീപ് സാഹു എന്നിവരാണ് ഓസിസിനെ സ്പിന്‍ ബൗളിങ്ങ് നേരിടാന്‍ പ്രാപ്തരാക്കാന്‍ ശ്രീറാം കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ജിയാസ് കോഴിക്കോട്, നരിക്കുനി സ്വദേശിയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഓസിസിനൊപ്പം നെറ്റ്‌സില്‍ ഇരുവരും പന്തെറിഞ്ഞുവരുന്നുണ്ട്. 

2014-ല്‍ നടന്ന പരമ്പരയില്‍ 0-2 നായിരുന്നു ഓസിസ് പാകിസ്താനോട് തോറ്റത്. പരമ്പരയിലാകെ 14 വിക്കറ്റു വീഴ്ത്തിയ സുല്‍ഫിക്കര്‍ ബാബറും 12 വിക്കറ്റു വീഴ്ത്തിയ യാസിര്‍ ഷായുമാണ് ഓസിസിനെ തകര്‍ത്തത്. സ്പിന്നര്‍മാരായ ഇവരുടെ പ്രകടനമാണ് ഇത്തവണ സ്പിന്നിനെതിരേ കൂടുതല്‍ കരുതലെടുക്കാന്‍ ഓസിസിനെ പ്രേരിപ്പിച്ചത്.

Content Highlights: three indians to teach aussies how to tackle pakistani spinners