ഇന്ത്യൻ ടീം | Photo: BCCI
മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് പര്യടനത്തിനുമായി വിമാനം കയറാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് മൂന്ന് കോവിഡ് പരിശോധന നടത്തുമെന്ന് ബിസിസിഐ. മുംബൈയില്‍ നിന്ന് ജൂണ്‍ രണ്ടിനാണ് ടീം യാത്ര പുറപ്പെടുന്നത്. ഇതിന് മുമ്പ് ടീമിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ആര്‍ടി-പിസിആര്‍ ടെസ്റ്റ് നടത്തും. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
'എല്ലാവരും ഈ മാസം 19-ന് മുംബൈയില്‍ എത്തും. അതിന് മുമ്പ് മൂന്നു ആര്‍ടി-പിസിആര്‍ ടെസ്റ്റ് നടത്തണം. മുംബൈയിലെത്തിയ ശേഷം 14 ദിവസം ക്വാറന്റെയ്നില്‍ കഴിയണം. നിരീക്ഷണ കാലാവധിക്ക് ശേഷം ജൂണ്‍ രണ്ടിന് ടീം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും.'-ബിസിസിഐ വ്യക്തമാക്കുന്നു.
ടീമിലെ എല്ലാവരും ഇംഗ്ലണ്ടിലേക്ക് പോകുന്നതിന് മുമ്പ് വാക്സിന് എടുക്കണമെന്നും ബിസിസിഐ നിര്‍ദേശിച്ചിട്ടുണ്ട്. ആദ്യ ഡോസ് വാക്സിന് ഇന്ത്യയില്‍ നിന്ന് സ്വീകരിച്ചവര്‍ക്ക് രണ്ടാം ഡോസ് ഇംഗ്ലണ്ടില്‍ നിന്നാകും ലഭിക്കുക. ഇതിനുള്ള ഒരുക്കങ്ങള്‍ ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡുമായി ചേര്‍ന്ന് നടത്തുമെന്ന് ബിസിസിഐ വ്യക്തമാക്കി.
ജൂണ്‍ പതിനെട്ടിന് ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസീലന്റാണ് ഇന്ത്യയുടെ എതിരാളി. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് മത്സരം നടക്കുന്നത്. അതിനുശേഷം ഇംഗ്ലണ്ടുമായി ഇന്ത്യയുടെ പരമ്പര ആരംഭിക്കും. അഞ്ചു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും പരമ്പരയിലും ഒരേ ടീം തന്നെയാണ് കളിക്കുക.
Content Highlights: Three COVID 19 tests at home for Indian players
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..