കൊളംബോ: ഒരോവറില്‍ ആറുസിക്‌സുകള്‍ നേടി റെക്കോഡ് സ്വന്തമാക്കി ശ്രീലങ്കയുടെ ഓള്‍റൗണ്ടര്‍ തിസ്സാര പെരേര. ഒരോവറില്‍ ആറ് സിക്‌സുകള്‍ നേടുന്ന ആദ്യ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം എന്ന റെക്കോഡാണ് പെരേര സ്വന്തമാക്കിയത്.

ശ്രീലങ്കയിലെ ആഭ്യന്തര മത്സരത്തിനിടെയാണ് താരം ഈ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചത്.  ലിസ്റ്റ് എ ടൂര്‍ണമെന്റില്‍ ശ്രീലങ്ക ആര്‍മി ടീമിന് വേണ്ടിയാണ് പെരേരയുടെ ഈ പ്രകടനം. ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ താരം ബ്ലൂംഫീല്‍ഡ് ക്രിക്കറ്റ് ആന്‍ഡ് അത്‌ലറ്റിക് ക്ലബിനെതിരെ 13 പന്തുകളില്‍ നിന്നും 52 റണ്‍സെടുത്തു. 

പാര്‍ട് ടൈം ഓഫ് സ്പിന്നര്‍ ദില്‍ഹാന്‍ കൂറായ് എറിഞ്ഞ 42-ാം ഓവറിലാണ് പെരേര ആറുസിക്‌സുകള്‍ പായിച്ചത്. 13 പന്തുകളില്‍ നിന്നും അര്‍ധശതകം നേടിയ താരം ശ്രീലങ്ക ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. 

2005-ല്‍ 12 പന്തുകളില്‍ നിന്നും അര്‍ധസെഞ്ചുറി നേടിയ ഓള്‍റൗണ്ടര്‍ കൗശല്യ വീരരത്‌നെയുടെ പേരിലാണ് ഏറ്റവും വേഗതയേറിയ ശ്രീലങ്കക്കാരന്റെ അര്‍ധസെഞ്ചുറി. ഒരോവറില്‍ ആറുസിക്‌സുകള്‍ പായിക്കുന്ന ലോകത്തിലെ ഒന്‍പതാം താരമാണ് പെരേര.

ഗാര്‍ഫീല്‍ഡ് സോബേഴ്‌സ്, രവിശാസ്ത്രി, ഹെര്‍ഷെല്‍ ഗിബ്‌സ്, യുവരാജ് സിങ്, റോസ് വൈറ്റ്‌ലി, ഹസ്രത്തുള്ള സസായ്, ലിയോ കാര്‍ട്ടര്‍, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരാണ്  ഈ നേട്ടം മുന്‍പ് കരസ്ഥമാക്കിയവര്‍.

Content Highlights: Thisara Perera becomes first Sri Lankan to hit six sixes in an over