സിഡ്നി: ഓസീസിനെതിരേ അവരുടെ മണ്ണിലെ ടെസ്റ്റ് പരമ്പര വിജയം തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി.
2011-ലെ ഏകദിന ലോകകപ്പ് കിരീടം നേടിയതിനേക്കാള്‍ വലിയ നേട്ടമാണ് ഇന്ത്യ ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നതെന്നും കോലി കൂട്ടിച്ചേര്‍ത്തു. ''ലോകകപ്പ് വിജയിച്ച ടീമില്‍ അംഗമായിരുന്നപ്പോള്‍ ഞാന്‍ വളരെ ചെറുപ്പമായിരുന്നു. അന്ന് ടീമിലെ സീനിയര്‍ താരങ്ങള്‍ പലരും വികാരഭരിതരാകുന്നത് ഞാന്‍ നേരിട്ട് കണ്ടിരുന്നു. ഇന്ന് അതെ വികാരങ്ങളിലൂടെയാണ് ഞാന്‍ കടന്ന് പോകുന്നത്'', കോലി പറഞ്ഞു.
മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങിലായിരുന്നു കോലിയുടെ വാക്കുകള്‍. ഒരു ടീമെന്ന നിലയില്‍ ഈ വിജയം ഇന്ത്യന്‍ ടീമിന് പുതിയൊരു മുഖം നല്‍കുമെന്നും കോലി ചൂണ്ടിക്കാട്ടി. ഇതാദ്യമായാണ് ഒരു ഏഷ്യന്‍ ടീം ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയിക്കുന്നത്. ഇതോടെ ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ ഏഷ്യന്‍ ക്യാപ്റ്റനെന്ന റെക്കോഡും കോലി സ്വന്തമാക്കി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ നായകനുമാണ് കോലി.
ഈ ടീമിനെ ഓര്‍ത്ത് അഭിമാനമുണ്ട്. ഇതൊരു തുടക്കം മാത്രമാണ്. യുവതാരങ്ങള്‍ ഏറെയുള്ള ഈ ടീമില്‍ നിന്ന് ഇനിയും ഏറെ പ്രതീക്ഷിക്കാം. പ്രതിഭകളടങ്ങിയ ഈ ടീമിനെ നയിക്കാനായതില്‍ അഭിമാനമുണ്ട്. ടീമെന്ന നിലയില്‍ ഞങ്ങള്‍ സ്വയം വിശ്വസിച്ചിരുന്നു. ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും കാര്യങ്ങള്‍ ശരിയായ ദിശയിലാണെന്ന ബോധമുണ്ടായിരുന്നു. അതാണ് ഇന്നിവിടെ പൂര്‍ത്തീകരിച്ചതെന്നും കോലി വ്യക്തമാക്കി. ഇന്ത്യന്‍ ക്രിക്കറ്റിനെ ഒരുപാട് ദൂരം മുന്നോട്ട് നയിക്കാന്‍ കഴിവുള്ളവരുടേതാണ് ഈ ടീമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നാലു ടെസ്റ്റുകളടങ്ങിയ പരമ്പര 2-1 നാണ് ഇന്ത്യ സ്വന്തമാക്കിയത്. അഡ്ലെയ്ഡില് നടന്ന ആദ്യ ടെസ്റ്റ് ഇന്ത്യ 31 റണ്‍സിന് വിജയിച്ചിരുന്നു. പെര്‍ത്തിലെ രണ്ടാം ടെസ്റ്റില്‍ ഓസീസ് ഇന്ത്യയെ 146 റണ്‍സിന് പരാജയപ്പെടുത്തി. പിന്നാലെ മെല്‍ബണില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ 137 റണ്‍സ് ജയത്തോടെ ഇന്ത്യ വീണ്ടും മുന്നിലെത്തി. സിഡ്നി ടെസ്റ്റില്‍ ഇന്ത്യന്‍ വിജയത്തിന് മോശം കാലാവസ്ഥ തടസമാകുകയായിരുന്നു.
കപില്‍ ദേവ്, സുനില്‍ ഗവാസ്ക്കര്‍, സൗരവ് ഗാംഗുലി, എം.എസ് ധോനി എന്നീ ഇതിഹാസ നായകന്മാര്ക്ക് സാധിക്കാത്ത നേട്ടമാണ് കോലിക്ക് സ്വന്തമായിരിക്കുന്നത്.
Content Highlights: this is my biggest achievement virat kohli
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..