ലണ്ടന്‍: വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിനെ കുറിച്ച് തനിക്ക് വളരെയധികം മതിപ്പുണ്ടെന്ന് മുന്‍ വെസ്റ്റിന്‍ഡീസ് ക്യാപ്റ്റനും ഇതിഹാസ താരവുമായ ക്ലൈവ് ലോയ്ഡ്. 

തീര്‍ത്തും വിഷമകരമായ സാഹചര്യങ്ങളില്‍ നിന്ന് ഓസ്‌ട്രേലിയന്‍ മണ്ണിലെ ഇന്ത്യയുടെ തിരിച്ചുവരവ് ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും മികച്ച ഇന്ത്യന്‍ ടീമാണ് ഇപ്പോഴുള്ളതെന്നും ലോയ്ഡ് കൂട്ടിച്ചേര്‍ത്തു. 

നിലവിലെ ടീം ഇന്ത്യയുടെ ഫിറ്റ്‌നസ് ലെവലിന്റെ കാര്യത്തിലും തനിക്ക് അതിയായ മതിപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

''അവര്‍ വളരെ മികച്ച ടീമാണ്. കാരണം ആ ടീമില്‍ വൈവിധ്യമുണ്ട്. കളിക്കാര്‍ മികച്ച കായികക്ഷമതയുള്ളവരും കൂടുതല്‍ പ്രൊഫഷണലുമാണ്‌. ഓസ്‌ട്രേലിയയില്‍ പലപ്പോഴും പിന്നില്‍ നിന്നാണ് അവര്‍ തിരിച്ചുവന്നത്. അത് മറക്കരുത്. ആ പരമ്പരയിലെ അവരുടെ പ്രകടനത്തെ വിലയിരുത്തിയാല്‍ ഇത് എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടീമാണെന്ന് നിങ്ങള്‍ക്ക് പറയാന്‍ കഴിയും.'' - ടെലഗ്രാഫിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ലോയ്ഡ് പറഞ്ഞു.

Content Highlights: this has to be the best Indian team ever says Clive Lloyd