തിരുവനന്തപുരം: തലസ്ഥാനത്തെ ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്ന ക്രിക്കറ്റ് പൂരം ഞായറാഴ്ച കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അരങ്ങേറും. ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തിനായി ഇരു ടീമുകളും തലസ്ഥാനത്തെത്തി.
ഹൈദരാബാദില്‍നിന്നുള്ള പ്രത്യേക വിമാനത്തില്‍ വൈകീട്ട് 7.15-ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ടീമുകളെ കെ.സി.എ. ഭാരവാഹികളും ക്രിക്കറ്റ് ആരാധകരും ചേര്‍ന്നു സ്വീകരിച്ചു. ഇരു ടീമുകളും ഹോട്ടല്‍ ലീലാ റാവിസിലാണ് തങ്ങുന്നത്.
മത്സരത്തിനു ശേഷം തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിക്ക് വെസ്റ്റിന്‍ഡീസ് ടീമും രണ്ടു മണിക്ക് ഇന്ത്യന്‍ ടീമും മൂന്നാം മത്സരത്തിനായി മുംബൈയിലേക്കു തിരിക്കും.
കളി കാണാന്‍ ആളൊഴുകും
ആദ്യ കളി ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ കാര്യവട്ടത്തേക്ക് എത്തുന്നത്. മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി ഇന്ത്യക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞതിന്റെ പോരാട്ടവീര്യവുമായാണ് വെസ്റ്റിന്‍ഡീസ് ഇവിടെയെത്തുന്നത്. ഇതോടെ കാര്യവട്ടത്ത് വമ്പന്‍ പോരാട്ടം പ്രതീക്ഷിക്കാം.
ക്യാപ്റ്റന്‍ വിരാട് കോലിയുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയുടെ ഹൈലൈറ്റ്. ഒരു വര്‍ഷത്തിനു ശേഷമെത്തുന്ന അന്താരാഷ്ട്ര മത്സരത്തിന് ഇരു ടീമുകളുടെയും ജേഴ്സിയും പതാകയും ആരാധകര്‍ വാങ്ങിക്കൂട്ടി. ടി-ട്വന്റിയില്‍ ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസിനും ഇവിടെ ഏറെ ആരാധകരുണ്ട്. കീറോണ്‍ പൊള്ളാര്‍ഡും ഹെറ്റ്മെയറും അവരുടെ പ്രിയതാരങ്ങളാണ്. ഏവരും ഞായറാഴ്ചയ്ക്കായി കാത്തിരിക്കുകയാണ്.
ടിക്കറ്റ് വില്‍പ്പനയ്ക്കും ആവേശകരമായ പ്രതികരണമായിരുന്നു. കാണികള്‍ തിരിച്ചറിയില്‍ കാര്‍ഡ് കരുതണം. പ്രയാസങ്ങളൊന്നുമില്ലാതെ മത്സരം കാണാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.
സുരക്ഷ റെഡി
കളിക്കാരുടെയും വി.ഐ.പി.കളുടെയും കളി കാണാനെത്തുന്നവരുടെയും സുരക്ഷയ്ക്കും സൗകര്യത്തിനും കേരള പോലീസ് എല്ലാവിധ സജ്ജീകരണങ്ങളും തയ്യാറാക്കി. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് ആംബുലന്‍സുകള്‍ അടക്കമുള്ളവ തയ്യാറാണ്. സ്റ്റേഡിയത്തില്‍ ഫസ്റ്റ് എയ്ഡ് റൂമുകളും സ്‌പെഷ്യല്‍ കാഷ്വാലിറ്റി സൗകര്യവും തയ്യാറാണ്. അഗ്‌നിരക്ഷാസേനയുടെ നാല് യൂണിറ്റുകള്‍ സ്റ്റേഡിയത്തില്‍ തയ്യാറായി ഉണ്ടാകും.
സി.സി. ടി.വി. വഴി സ്റ്റേഡിയത്തിന് അകത്തെയും പുറത്തെയും ജനക്കൂട്ടത്തെ നിരീക്ഷിക്കും. അത്യാധുനിക സി.സി. ടി.വി. ക്യാമറകളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.
സ്റ്റേഡിയവും പരിസരവും പൂര്‍ണമായും പോലീസ് നിയന്ത്രണത്തിലായിരിക്കും. കാറുകളും ഇരുചക്രവാഹനങ്ങളും പാര്‍ക്ക് ചെയ്യുന്നതിനും സൗകര്യമുണ്ടാകും.
ഭക്ഷണവിതരണം കുടുംബശ്രീക്ക്
കുടുംബശ്രീ ഉള്‍പ്പെടെ 20 ഏജന്‍സികളെയാണ് ഭക്ഷണവിതരണത്തിനായി ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജല അതോറിറ്റിയുടെ കുടിവെള്ളവിതരണം ഉണ്ടാകും. സോഫ്റ്റ് ഡ്രിങ്ക്സും ലഭ്യമാകും. കോര്‍പ്പറേഷന്‍, ഫുഡ് ആന്‍ഡ് സേഫ്റ്റി വകുപ്പ്, ശുചിത്വ മിഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഭക്ഷണവിതരണ കാര്യങ്ങള്‍ ക്രമീകരിക്കും.
വലിച്ചെറിഞ്ഞാല്‍ പിടിവീഴും
സ്റ്റേഡിയത്തിലേക്കോ കളിക്കാര്‍ക്കു നേരേയോ ഏതെങ്കിലും വസ്തുക്കള്‍ വലിച്ചെറിയാന്‍ ശ്രമിച്ചാല്‍ പിടിവീഴും. 1000 പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. സിറ്റി പോലീസ് കമ്മിഷണര്‍ എം.ആര്‍.അജിത് കുമാറിന്റെ നേതൃത്വത്തില്‍ ആറ് എസ്.പി.മാരും 16 ഡിവൈ.എസ്.പി.മാരും 25 സി.ഐ.മാരും 100 മഫ്തി ഉദ്യോഗസ്ഥരും 850 പോലീസ് ഉദ്യോഗസ്ഥരും സ്റ്റേഡിയത്തിന്റെയും നഗരത്തിന്റെയും സുരക്ഷാ, ഗതാഗത ക്രമീകരണങ്ങള്‍ നിയന്ത്രിക്കും.
ടിക്കറ്റ് ബുക്ക് ചെയ്ത തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും മത്സരം കാണാനെത്തുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡും പരിശോധനയ്ക്കു വിധേയമാക്കണം.
കാണികള്‍ക്ക് നാലുമണി മുതല്‍ പ്രവേശനം
മേത്സരത്തിനായി കാണികള്‍ക്ക് ഞായറാഴ്ച വൈകീട്ട് നാല് മുതല്‍ പ്രധാന കവാടം വഴി സ്റ്റേഡിയത്തില്‍ പ്രവേശിക്കാം. ടിക്കറ്റ് ബുക്ക് ചെയ്ത തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും മത്സരം കാണാനെത്തുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡും പരിശോധനയ്ക്കു വിധേയമാക്കണം. ഇവിടെനിന്ന് മൂന്ന് സുരക്ഷാപരിശോധനകള്‍ക്കു ശേഷം അനുവദിക്കപ്പെട്ടിരിക്കുന്ന ഗേറ്റുകള്‍ വഴി സ്റ്റേഡിയത്തില്‍ പ്രവേശിക്കാം. കാണികളുടെ തിരക്കു പരിഗണിച്ച് നേരത്തേ പ്രവേശനം അനുവദിക്കും.
പാര്‍ക്കിങ് ഇവിടെ
യൂണിവേഴ്സിറ്റി ക്യാമ്പസ്, കാര്യവട്ടം കോളേജ്, എല്‍.എന്‍.സി.പി. ക്യാമ്പസ് എന്നിവിടങ്ങളിലാണ് പാര്‍ക്കിങ് സജ്ജീകരിച്ചിരിക്കുന്നത്. ഇരുചക്രവാഹനങ്ങള്‍ സ്റ്റേഡിയത്തിലെ രണ്ട് പാര്‍ക്കിങ് ഗ്രൗണ്ടുകളിലായി പാര്‍ക്ക് ചെയ്യണം.
മുന്‍കരുതലുകള്‍ മഴയ്ക്ക് എതിരേ
മഴ വില്ലനാകില്ലെന്ന പ്രതീക്ഷയിലാണ് ആരാധകരും സംഘാടകരും. ഇനി മഴ വന്നാലും കളി നടത്താനുള്ള മുഴുവന്‍ മുന്‍കരുതലുകളും സ്വീകരിച്ചുകഴിഞ്ഞു. 50 ഗ്രൗണ്ട് സ്റ്റാഫിനെയും ഗ്രൗണ്ട് പൂര്‍ണമായും മൂടാന്‍ ആവശ്യമായ അഞ്ച് പുതിയ കവറുകളും സജ്ജീകരിച്ചു.
Content Highlights: thiruvananthapuram is ready to host India vs West Indies t20