ഇന്‍ഡോര്‍: ന്യസീലന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ ലീഡ്. അശ്വിന്റെ സ്പിന്‍, ഫീല്‍ഡിങ് മികവില്‍ കിവീസ് ഒന്നാമിന്നിങ്‌സ് 299 റണ്‍സിലൊതുക്കിയ ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 276 റണ്‍സിന് മുന്നിലാണ്. ഒന്നാമിന്നിങ്‌സില്‍ 258 റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യ കളി നിര്‍ത്തുമ്പോള്‍ രണ്ടാമിന്നിങ്‌സില്‍ ആറോവറില്‍ വിക്കറ്റ് കളയാതെ പതിനെട്ട് റണ്‍സെടുത്തു നില്‍ക്കുകയാണ്. പതിനൊന്ന് റണ്‍സെടുത്ത മുരളി വിജയും ഒരു റണ്ണെടുത്ത ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍.

ന്യസീലന്‍ഡിനെ ചുഴറ്റിയെറിഞ്ഞത് അശ്വിന്‍ തനിച്ചാണ്. കിവീസിന്റെ ടോപ് ഓര്‍ഡറിനെയും വാലറ്റത്തെയും ഒരുപോലെ ചുരുട്ടിക്കെട്ടിയ അശ്വിന്‍ 27.2 ഓവറില്‍ 81 റണ്‍സിന് ആറ് വിക്കറ്റാണ് വീഴ്ത്തുകയും രണ്ടുപേരെ റണ്ണൗട്ടാക്കുകയും ചെയ്തു. ഓപ്പണിങ് വിക്കറ്റിലെ കൂട്ടുകെട്ടിനുശേഷം ചെറുത്തുനില്‍ക്കാന്‍ കിവീസിന് കഴിഞ്ഞില്ല. 144 പന്തില്‍ നിന്ന് 72 റണ്‍സെടുത്ത ഗുപ്ടിലും 104 പന്തില്‍ നിന്ന് 53 റണ്‍സെടുത്ത ലാതാമുമാണ് കിവീസിന് മികച്ച തുടക്കം നല്‍കിയത്. എന്നാല്‍, ലാതാമിനെ റിട്ടേണ്‍ ക്യാച്ചെടുത്ത് മടക്കിക്കൊണ്ട് അശ്വിന്‍ തന്റെ അശ്വമേധത്തിന് തുടക്കമിട്ടു. അധികം വൈകാതെ എട്ട് റണ്‍ മാത്രമെടുത്ത ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണെയും പിന്നീട് റണ്ണൊവുമെടുക്കാത്ത ടെയ്‌ലറെ രഹാനെയുടെ കൈലെത്തിച്ച് പിടിമുറുക്കി. അടുത്ത ഊഴം ഒരു റണ്ണൗട്ടിലൂടെ മടങ്ങിയ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്ടിലിന്റേതായിരുന്നു. പിന്നെ റണ്ണെടുക്കാന്‍ വിഷമിച്ച റോഞ്ചിയെയും രഹാനെയുടെ കൈയിലെത്തിച്ചു. പേരിന് ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ച വാറ്റ്‌ലിങ്ങിനെയും (23) സാന്റ്‌നറെയും (22) ജഡേജ മടക്കിയതോടെ കിവീസിന്റെ പതനം ഏതാണ്ട് ഉറപ്പായി. ഇന്ത്യന്‍ ബൗളിങ്ങിനെ നന്നായി ചെറുത്ത നീഷാമിനെ (115 പന്തില്‍ നിന്ന് 71) വിക്കറ്റിന് മുന്നില്‍ കുടിക്കി അശ്വിന്‍ തന്നെ സന്ദര്‍ശകരുടെ പതനം ഉറപ്പാക്കി. പിന്നീട് പട്ടേലിനെ റണ്ണൗട്ടാക്കുകയും ബൗള്‍ട്ടിനെ പൂജാരയുടെ കൈയിലെത്തിക്കുകയും ചെയ്ത് അശ്വിന്‍ കിവീസ് ഇന്നിങ്‌സിന് തിരശ്ശീലയിട്ടു.