ദുബായ്: ഫ്രണ്ട് ഫൂട്ട് നോബോളുകള്‍ തീരുമാനിക്കുന്ന കാര്യത്തില്‍ നിര്‍ണായക മാറ്റവുമായി ഐ.സി.സി. ഇനി നോ ബോളുകള്‍ വിളിക്കുന്നകാര്യത്തില്‍ ഫീല്‍ഡ് അമ്പയര്‍ക്ക് കാര്യമായ തലവേദന ഉണ്ടാകില്ല. ഇനി ഇക്കാര്യം തേഡ് അമ്പയര്‍ തീരുമാനിക്കും.

വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ - വിന്‍ഡീസ് പരമ്പരയിലെ ആദ്യ മത്സരം മുതല്‍ ഫ്രണ്ട് ഫൂട്ട് നോബോളുകള്‍ സംബന്ധിച്ച തീരുമാനമെടുക്കുന്നത് തേഡ് അമ്പയറാകും. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) വ്യാഴാഴ്ച അറിയിച്ചതാണ് ഇക്കാര്യം.

മൂന്ന് ട്വന്റി 20-കളും മൂന്ന് ഏകദിന മത്സരങ്ങളുമടങ്ങിയ ഇന്ത്യ - വിന്‍ഡീസ് പരമ്പരയിലെ എല്ലാ മത്സരങ്ങളിലും പരീക്ഷണാര്‍ഥം ഈ മാറ്റം നടപ്പാക്കും.

'ഈ പരീക്ഷണ കാലയളവില്‍ എറിയുന്ന ഓരോ പന്തും നിരീക്ഷിക്കുന്നതും ഫ്രണ്ട് ഫൂട്ട് നിയമലംഘനം നടന്നിട്ടുണ്ടെങ്കില്‍ കണ്ടെത്തേണ്ടുന്ന ചുമതലയും തേഡ് അമ്പയര്‍ക്കായിരിക്കും. ഫ്രണ്ട് ഫൂട്ട് നോബോള്‍ കണ്ടെത്തിയാല്‍ തേഡ് അമ്പയര്‍ ഇക്കാര്യം ഫീല്‍ഡ് അമ്പയറെ അറിയിക്കും. തുടര്‍ന്ന് ഫീല്‍ഡ് അമ്പയര്‍ നോബോള്‍ വിളിക്കും. അതായത് ഇനിമുതല്‍ തേഡ് അമ്പയറുടെ നിര്‍ദേശമില്ലാതെ ഫീല്‍ഡ് അമ്പയര്‍ക്ക് ഫ്രണ്ട് ഫൂട്ട് നോബോള്‍ വിളിക്കാന്‍ സാധിക്കില്ല', ഐ.സി.സി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

നിലവില്‍ നോബോളിന്റെ കാര്യത്തില്‍ ഓണ്‍ഫീല്‍ഡ് അമ്പയര്‍ക്ക് സംശയമുണ്ടെങ്കില്‍ മാത്രമാണ് ടി.വി അമ്പയറുടെ സഹായം തേടാറുള്ളത്. എന്നാല്‍ പലപ്പോഴും നോബോളുകളുടെ കാര്യത്തില്‍ ഓണ്‍ഫീല്‍ഡ് അമ്പയറുടെ പിഴവുകള്‍ മത്സരഫലത്തെ ബാധിക്കാന്‍ തുടങ്ങിയതോടെയാണ് ഐ.സി.സി ഇക്കാര്യത്തില്‍ ഒരു മാറ്റംവരുത്താന്‍ ആലോചിച്ചത്.

അതേസമയം അടുത്ത ഐ.പി.എല്‍ സീസണ്‍ മുതല്‍ നോബോളുകള്‍ പരിശോധിക്കാനായി മാത്രം ഒരു ടിവി അംപയറെ ചുമതലപ്പെടുത്താന്‍ ഐ.പി.എല്‍ ഭരണസമിതി നേരത്തെ തീരുമാനിച്ചിരുന്നു.

Content Highlights: Third umpire to call front foot no balls in India-West Indies series ICC