മുംബൈ: യോര്‍ക്കര്‍ എറിയാനുള്ള മികവും പ്രത്യേക ബൗളിങ് ആക്ഷനും കൊണ്ട് വളരെ പെട്ടെന്ന് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധനേടിയ ബൗളറാണ് ജസ്പ്രീത് ബുംറ. കരിയര്‍ ആരംഭിച്ച വൈകാതെ തന്നെ ട്വന്റി 20 സ്‌പെഷ്യലിസ്റ്റെന്ന് പേരെടുത്ത ബുംറ ഇന്ന് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ പ്രധാന ബൗളറാണ്.

കരിയറിന്റെ തുടക്കകാലത്ത് തനിക്ക് ഒരിക്കലും ഇന്ത്യയ്ക്കായി കളിക്കാന്‍ സാധിക്കില്ലെന്ന് പലരും പറഞ്ഞിരുന്നതായി ബുംറ വെളിപ്പെടുത്തി. അതിനാല്‍ തന്നെ ഫിറ്റ്‌നസിനും മറ്റുമായി നന്നായി കഷ്ടപ്പെട്ടാണ് ടീമിലെത്തിയതെന്നും ബുംറ പറയുന്നു. മുന്‍ ഇന്ത്യന്‍ താരം യുവ്‌രാജ് സിങുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവിലാണ് ബുംറ ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.

''അധികകാലം എനിക്ക് കളിക്കാനാകില്ലെന്ന് പലരും പറഞ്ഞിട്ടുണ്ട്. രാജ്യത്തിനായി ഏറ്റവും അവസാനം  കളിക്കാന്‍ പോകുന്നത് ഞാനായിരിക്കുമെന്നായിരുന്നു അവരുടെ വാക്കുകള്‍. നീ രഞ്ജി ട്രോഫിയില്‍ മാത്രം ഒതുങ്ങിപ്പോകുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഇതേ  ആക്ഷന്‍ നിലനിര്‍ത്തി ഞാന്‍ എന്റെ കഴിവിന് മൂര്‍ച്ചകൂട്ടിക്കൊണ്ടിരുന്നു'', രാജ്യത്തിനായി 64 ഏകദിനങ്ങളും 50 ട്വന്റി 20-കളും 14 ടെസ്റ്റുകളും കളിച്ച ബുംറ പറയുന്നു.

അതേസമയം ഐ.പി.എല്ലിലെ മികവ് കാരണമാണ് താന്‍ ഇന്ത്യന്‍ ടീമിലെത്തിയതെന്ന വാദങ്ങള്‍ ബുംറ തള്ളിക്കളഞ്ഞു. ഐ.പി.എല്ലില്‍ കളിച്ച ശേഷം ആഭ്യന്തര ക്രിക്കറ്റില്‍ താന്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ദേശീയ ടീമിലേക്കു വിളി വരുന്നതെന്ന് ബുംറ പറഞ്ഞു.

2013-ലാണ് ബുംറ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കുന്നത്. എന്നാല്‍ പിന്നീടുള്ള മൂന്ന് വര്‍ഷം മുംബൈ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ സാധിച്ചിരുന്നില്ല. പിന്നീട് വിജയ് ഹസാരെ ട്രോഫിയിലും മറ്റ് ആഭ്യന്തര  മത്സരങ്ങളിലും മികവ് കാണിച്ചതോടെയാണ് 2016-ല്‍ ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയതെന്നും ബുംറ വ്യക്തമാക്കി.

Content Highlights: They told me that I would just play the Ranji Trophy Jasprit Bumrah reveals