ഹൈദരാബാദ്: ഇന്ത്യയുടെ യുവതാരം പൃഥ്വി ഷായെ പ്രശംസിച്ച് പരിശീലകന്‍ രവി ശാസ്ത്രി. സച്ചിന്‍ തെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, ബ്രയാന്‍ ലാറ എന്നിവരുടെ അംശം പൃഥ്വി ഷായില്‍ ഉണ്ടെന്നും ക്രിക്കറ്റ് കളിക്കാന്‍ ജനിച്ചവനാണ് പൃഥ്വി ഷായെന്നുമായിരുന്നു ശാസ്ത്രിയുടെ അഭിനന്ദനം. 

എട്ടാം വയസ്സു മുതല്‍ മുംബൈയിലെ ഗ്രൗണ്ടുകളില്‍ കളിച്ചുവളര്‍ന്നവനാണ് പൃഥ്വി ഷാ. ചെറുപ്പം മുതലുള്ള കഠിനധ്വാനത്തിന്റെ ഗുണം ഷായുടെ പ്രകടനത്തില്‍ കാണാം. കളി കാണുന്നവരെ ഉന്മാദിയാക്കുന്ന ബാറ്റിങ് ശൈലിയാണ് അവന്റേത്. സച്ചിന്‍ തെണ്ടുല്‍ക്കറുടെ അംശം അവനില്‍ കാണാം. അതു മാത്രമല്ല, വീരേന്ദര്‍ സെവാഗിന്റേയും ബ്രയാന്‍ ലാറയുടേയും അംശം അവനിലുണ്ട്.' പരമ്പര വിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ ശാസ്ത്രി വ്യക്തമാക്കി.

ഇപ്പോഴുള്ള പ്രകടനം തലയ്ക്കുപിടിക്കാതെ കഠിനാധ്വാനം തുടര്‍ന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ ഭാവിയുള്ള താരമാണ് പൃഥ്വി ഷായെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു. നേരത്തെ വിരാട് കോലിയും പൃഥ്വി ഷായെ പ്രശംസിച്ചിരുന്നു. പതിനെട്ടാം വയസ്സില്‍ ക്രിക്കറ്റ് താരമെന്ന നിലയില്‍ പൃഥ്വി ഷായുടെ പത്ത് ശതമാനം പോലും തങ്ങളില്‍ ഇല്ലായിരുന്നുവെന്നായിരുന്നു കോലിയുടെ പ്രതികരണം. 

Content Highlights: There is a bit of Tendulkar, Sehwag and Lara in Prithvi, says Shastri