Photo: Getty Images
ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടം ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമായ ഇന്ത്യയും രണ്ടാം റാങ്കിലുളള ഓസ്‌ട്രേലിയയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ പ്രവചനങ്ങള്‍ക്ക് സ്ഥാനമില്ല. ഫൈനലില്‍ ഡ്യൂക്‌സ് പന്തുകളാണ് ഉപയോഗിക്കുന്നത് എന്ന് ഐ.സി.സി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.
എന്താണ് ഡ്യൂക്‌സ് ബോള്‍?
കേള്‍ക്കുമ്പോള്‍ വിദേശ കമ്പനിയാണെന്ന് തോന്നിക്കുമെങ്കിലും ഡ്യൂക്‌സ് ഒരു ഇന്ത്യന്‍ ബ്രാന്‍ഡാണ്. ഇന്ത്യന്‍ വ്യവസായി ദിലീപ് ജജോദിയയുടെ ഉടമസ്ഥതയിലുള്ള ഡ്യൂക്‌സ് ക്രിക്കറ്റ് കമ്പനിയാണ് ഈ പന്ത് നിര്‍മിക്കുന്നത്. ഇന്ത്യന്‍ ബ്രാന്‍ഡാണെങ്കിലും പന്ത് നിര്‍മിക്കുന്നത് ഇംഗ്ലണ്ടിലാണ്. ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ സ്ഥിരമായി ഡ്യൂക്‌സ് പന്തുകളാണ് ഉപയോഗിക്കുന്നത്. പേസര്‍മാര്‍ ഏറെ ഇഷ്ടപ്പെടുന്ന പന്താണിത്. പന്തിന്റെ തിളക്കം ഏറെ നേരം നില്‍ക്കുന്നു എന്നതും ഇര്‍പ്പത്തെ അതിവേഗം അതിജീവിക്കും എന്നതും ഈ പന്തിനെ പേസര്‍മാര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു. മികച്ച സ്വിങ്ങാണ് ഈ പന്തിന്റെ മറ്റൊരു പ്രത്യേകത. അതുകൊണ്ടുതന്നെ ഓസീസ് ബൗളര്‍മാരുടെ പന്തുകള്‍ ഇന്ത്യന്‍ താരങ്ങള്‍ എങ്ങനെ പ്രതിരോധിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. മികച്ച സീം നിലനിര്‍ത്താനും ഈ പന്ത് പേസര്‍മാരെ സഹായിക്കും.
സാധാരണയായി എസ്.ജി അല്ലെങ്കില്‍ കൂക്കാബുറ പന്തുകളാണ് ടെസ്റ്റ് മത്സരങ്ങള്‍ക്കായി ഉപയോഗിക്കാറ്. എസ്.ജി ഇന്ത്യന്‍ കമ്പനിയാണ്. കൂക്കാബുറ ഓസ്‌ട്രേലിയയില്‍ നിന്ന് നിര്‍മിക്കുന്നതാണ്. ഡ്യൂക്‌സും എസ്.ജിയും കൈകൊണ്ട് തുന്നുന്നവയാണ്. പൂര്‍ണമായും മെഷീന്‍ ഉപയോഗിക്കുന്നില്ല. എന്നാല്‍ കുക്കാബുറ പൂര്‍ണമായും മെഷീന്‍ ഉപയോഗിച്ചാണ് നിര്‍മിക്കുന്നത്. കൈകൊണ്ട് തുന്നുന്നതിനാല്‍ ഡ്യൂക്‌സ് പന്തുകള്‍ ഏറെ നേരം ഉപയോഗിക്കാനാകും. പന്ത് പഴകിയാല്‍ സ്പിന്നര്‍മാര്‍ക്കും നന്നായി ബൗള്‍ ചെയ്യാനാകും. ഡ്യൂക്‌സ് പന്തുകളുമായി ഇന്ത്യന്‍ താരങ്ങള്‍ നേരത്തേ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഐ.പി.എല്ലിനിടെ ഡ്യൂക്‌സ് പന്തുകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം നടത്തിയിട്ടുണ്ട്.
ബാറ്റര്‍മാര്‍ക്ക് വില്ലന്‍
ഏറെ പ്രത്യേകതകളുണ്ടെങ്കിലും ബാറ്റര്‍മാരെ സംബന്ധിച്ചിടത്തോളം ഡ്യൂക്‌സ് പന്തുകള്‍ പേടിസ്വപ്‌നമാണ്. സ്വിങ്ങിനെയും സീമിനെയും അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന വിദേശ പിച്ചുകളില്‍ ഡ്യൂക്‌സ് പന്തുകള്‍ക്ക് അത്ഭുതങ്ങള്‍ കാണിക്കാനാകും. ബൗളര്‍മാര്‍ക്ക് ഏറെ പിന്തുണ ലഭിക്കുന്നതിനാല്‍ ബാറ്റര്‍മാര്‍ അതീവ ശ്രദ്ധയോടെ ബാറ്റുവീശേണ്ടിവരും. എന്നാല്‍ ഓവലിലെത് ബാറ്റിങ്ങിനെയും തുണയ്ക്കുന്ന പിച്ചായത് ബാറ്റര്‍മാര്‍ക്ക് വലിയ ആശ്വാസമാണ്. ഏറെ നേരം പേസ് ബൗളര്‍മാര്‍ക്ക് സ്വിങ് നിലനിര്‍ത്താന്‍ സാധിക്കുന്നു എന്നതാണ് ഡ്യൂക്‌സ് പന്തുകളെ അപകടകാരിയാക്കുന്നത്.
കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഡ്യൂക്‌സ് പന്തുകളാണ് ഉപയോഗിച്ചത്. സതാംപ്ടണില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഡ്യൂക്‌സ് പന്തുകള്‍ക്ക് മുന്നില്‍ മുട്ടുകുത്തിയിരുന്നു. അഞ്ച് പേസ് ബൗളര്‍മാരെ ഇറക്കി ന്യൂസീലന്‍ഡ് ഡ്യൂക്‌സ് പന്തുപയോഗിച്ച് ഇന്ത്യന്‍ ബാറ്റര്‍മാരെ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. ആദ്യ ഇന്നിങ്‌സില്‍ 217 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 170 റണ്‍സും മാത്രമാണ് അന്ന് ഇന്ത്യയ്ക്ക് നേടാനായത്. അതേ വെല്ലുവിളിയാണ് ഇന്ന് ഓസീസിനെതിരെയും ഇന്ത്യയ്ക്കുള്ളത്. മത്സരത്തില്‍ ഇന്ത്യ നാല് പേസര്‍മാരെയും ഒരു സ്പിന്നറെയും അണിനിരത്താനാണ് സാധ്യത. അങ്ങനെയെങ്കില്‍ അശ്വിന്‍, ജഡേജ, അക്ഷര്‍ എന്നീ മൂന്നുപേരില്‍ ഒരാള്‍ മാത്രമേ ആദ്യ ഇലവനിലുണ്ടാകൂ.
Content Highlights: the specialties of dukes balls which is using in wtc final 2023
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..