ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര മത്സരമാണ് ബുധനാഴ്ച തുടങ്ങുന്നത്. മൊട്ടേരയിലെ നവീകരിച്ച സ്റ്റേഡിയം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.

ആദ്യത്തെ പേര് ഗുജറാത്ത് സ്റ്റേഡിയം എന്നായിരുന്നു. പുതുക്കിപ്പണിതപ്പോള്‍ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയമായി. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞവര്‍ഷം ഇന്ത്യയിലെത്തിയപ്പോള്‍ നമസ്‌തേ ട്രംപ് പരിപാടി നടന്നത് ഇവിടെയാണ്. വെളിച്ചത്തിനുവേണ്ടി എല്‍.ഇ.ഡി. ലൈറ്റുകളാകും ഉപയോഗിക്കുക. ഈ സൗകര്യമുള്ള ഏക അന്താരാഷ്ട്ര സ്റ്റേഡിയം.

1983

അഹമ്മദാബാദിലെ മൊട്ടേരയില്‍ സ്റ്റേഡിയം പണിതത് 1983-ല്‍. 2006-ല്‍ നവീകരിച്ചു. 2016-ല്‍ വീണ്ടും പുതുക്കിപ്പണിതു. പണി പൂര്‍ത്തിയായത് 2020 ഫെബ്രുവരിയില്‍. 800 കോടി രൂപ ചെലവിലാണ് നവീകരിച്ചത്. പണി പൂര്‍ത്തിയായപ്പോള്‍ കോവിഡ് വന്നതിനാല്‍ ഇതുവരെ ഇവിടെ അന്താരാഷ്ട്ര മത്സരം നടന്നില്ല.

1,10,000

ഇപ്പോള്‍ സ്റ്റേഡിയത്തില്‍ 1,10,000 പേര്‍ക്ക് ഇരിക്കാം (കോവിഡ് ആയതിനാല്‍, ഇക്കുറി ടെസ്റ്റിന് 55,000 പേരെ മാത്രമേ അനുവദിക്കൂ). ഇതോടെ ലോകത്തെ ഏറ്റവും ഇരിപ്പിട സൗകര്യമുള്ള ക്രിക്കറ്റ് സ്റ്റേഡിയമായി മാറി. ഓസ്ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടാണ് (1,00,000 ഇരിപ്പിടങ്ങള്‍) രണ്ടാമത്.

63

സ്റ്റേഡിയം 63 ഏക്കറില്‍ പടര്‍ന്നുകിടക്കുന്നു. മൂന്ന് പ്രവേശന കവാടങ്ങള്‍. അന്താരാഷ്ട്ര മത്സരം നടത്താന്‍ ശേഷിയുള്ള സ്വിമ്മിങ് പൂളും നാല് ഡ്രസ്സിങ് റൂമുകളുമുണ്ട്.

3000

ഒരേസമയം 3000 കാറുകള്‍ക്കും 10000 ഇരുചക്ര വാഹനങ്ങള്‍ക്കും പാര്‍ക്ക് ചെയ്യാം.

2

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കായിക സ്റ്റേഡിയം കൂടിയാണിത്. (ഒന്നാമത് ദക്ഷിണ കൊറിയയിലെ റണ്‍ഗ്രാഡോ മേയ് ഡേ സ്റ്റേഡിയം-1,14,000 ഇരിപ്പിടങ്ങള്‍).

11

സ്റ്റേഡിയത്തില്‍ 11 പിച്ചുകളുണ്ട്. ആറെണ്ണം ചെമ്മണ്ണിലും അഞ്ചെണ്ണം കരിമണ്ണിലും നിര്‍മിച്ചത്. മഴപെയ്തു തോര്‍ന്നാല്‍ 30- മിനിറ്റിനകം പിച്ച് സാധാരണനിലയിലാകും.

Content Highlights: The Sardar Patel Stadium in Motera The world s largest cricket stadium