Photo: ANI
ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ടീമില്‍നിന്ന് രോഹിത് ശര്‍മ, വിരാട് കോലി, കെ.എല്‍. രാഹുല്‍ എന്നീ മുതിര്‍ന്നതാരങ്ങളെ ഒഴിവാക്കുകവഴി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കുന്നത് ബഹുമുഖനയം.
ഏകദിന ലോകകപ്പ് നടക്കുന്ന വര്‍ഷമായതിനാല്‍ പ്രധാന താരങ്ങളെ അതില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ട്വന്റി 20-യില്നിന്ന് മാറ്റിനിര്‍ത്തുകയെന്നതാണ് അതിലൊന്ന്. മൂന്നു ഫോര്‍മാറ്റിലും ഒരുമിച്ച് കളിക്കാനാവില്ലെന്ന് മുതിര്‍ന്ന പല താരങ്ങളോടും ക്രിക്കറ്റ് ബോര്‍ഡ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഏകദിന ലോകകപ്പ് ഉന്നമിട്ട് താരങ്ങളുടെ ജോലിഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.
മുതിര്‍ന്ന പല താരങ്ങളുടെയും ട്വന്റി 20 കരിയര്‍ അവസാനിച്ചുവെന്ന് പറയാതെപറയുകകൂടി ചെയ്യുകയാണ് ക്രിക്കറ്റ് ബോര്‍ഡ് പുതിയ ടീം തിരഞ്ഞെടുപ്പിലൂടെ. പ്രത്യേകിച്ച് കാരണമൊന്നും പറയാതെയാണ് ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന നായകനായ രോഹിത്തിനെയും മുന്‍ നായകന് കോലിയെയും ഒഴിവാക്കിയത്. വ്യക്തിപരമായ കാരണംകൊണ്ടാണ് രാഹുലിനെ മാറ്റിനിര്‍ത്തിയത്. എന്നാല്‍, ട്വന്റി 20 ഫോര്‍മാറ്റില്‍ ഏറെ പഴികേള്‍ക്കുന്ന രാഹുലിന് തിരിച്ചുവരാന്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. മൂവരെയും ഒഴിവാക്കിയതോടെ കഴിഞ്ഞ രണ്ട് ട്വന്റി 20 ലോകകപ്പുകളില്‍ ഇന്ത്യയുടെ മുന്നിരക്കാരായിരുന്ന മൂന്ന് ബാറ്റര്‍മാരാണ് ടീമിലില്ലാതെപോകുന്നത്.
ഏകദിന ലോകകപ്പിന്റെ സാഹചര്യമുണ്ടെങ്കിലും മുതിര്‍ന്നതാരങ്ങള്‍ ട്വന്റി 20 ടീമില്‍ തിരിച്ചെത്താന്‍ സാധ്യതകുറവാണെന്ന് ബി.സി.സി.ഐ. വൃത്തങ്ങള്‍ സൂചിപ്പിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ഇതോടെ ഇവര്‍ക്കുപുറമേ മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ആര്. അശ്വിന്, ദിനേശ് കാര്‍ത്തിക് എന്നിവരുടെ കാര്യവും പരുങ്ങലിലാണ്.
മൂന്നു ഫോര്‍മാറ്റിലും ഇനി ഒരേ നായകരായിരിക്കില്ല എന്ന സൂചനയും ഇതിലൂടെ നല്‍കുന്നുണ്ട്. ഹാര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനാവുകയും ശ്രീലങ്കയ്ക്കെതിരേയടക്കമുള്ള പരമ്പരവിജയങ്ങള്‍ നേടുകയും ചെയ്തിരുന്നു. ഇതോടെ മുതിര്‍ന്നതാരങ്ങളെ ടീമില്‍ വീണ്ടും കൊണ്ടുവരുന്നതില്‍ ക്രിക്കറ്റ് ബോര്‍ഡിന് താത്പര്യമില്ലാതായെന്നാണ് വ്യക്തമാകുന്നത്. വിജയനായകനായി പാണ്ഡ്യ നില്ക്കുമ്പോള് ആ സ്ഥാനത്തുനിന്ന് മാറ്റി രോഹിത്തിനെ വീണ്ടും കൊണ്ടുവരാന്‍ സാധ്യത കുറവാണ്.
ഒന്നരവര്‍ഷത്തിനുശേഷം പൃഥ്വി ഷാ ട്വന്റി 20 ടീമില്‍ തിരിച്ചെത്തി. രഞ്ജി ട്രോഫിയില്‍ അസമിനെതിരേ മുംബൈക്കുവേണ്ടി അടുത്തിടെ 379 റണ്‍സടിച്ച് പൃഥ്വി ഷാ റെക്കോഡിട്ടിരുന്നു. ഷാ ഉള്‍പ്പെടെ ടീമിലെ എട്ടുതാരങ്ങള്‍ 25 വയസ്സോ അതിനു താഴെയോ ഉള്ളവരാണ്.
മുപ്പതിനുമുകളില്‍ പ്രായമുള്ളവര്‍ മൂന്നുപേര്‍ മാത്രം. ട്വന്റി 20 ടീമില്‍ യുവത്വം നിലനിര്‍ത്തുക എന്നതുകൂടി ക്രിക്കറ്റ് ബോര്‍ഡ് ഇതിലൂടെ ലക്ഷ്യമിടുന്നു.
Content Highlights: The return of senior players to the Indian Twenty20 team will be difficult
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..