ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം ക്രിക്കറ്റ് മത്സരത്തില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ). ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ്, പരമ്പരയുടെ തുടര്‍ച്ചയായി മാത്രമേ നടത്താന്‍ കഴിയുകയുള്ളൂവെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചു. 

അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സിയ്ക്ക് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അയച്ച കത്തിനുള്ള പ്രതികരണമായാണ് ഗാംഗുലി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്‍ഷൂറന്‍സ് ഇനത്തില്‍ ഇംഗ്ലണ്ടിന് വലിയ തുക നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും അതിനാല്‍ പരമ്പര റദ്ദാക്കണമെന്നുമാണ് കത്തില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ചൂണ്ടിക്കാണിക്കുന്നത്. 

എന്നാല്‍ ഇക്കാര്യം ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ബി.സി.സി.ഐ അറിയിച്ചു. അഞ്ചാം ടെസ്റ്റ് നടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പാണ് മത്സരം റദ്ദാക്കിയത്. ഇന്ത്യയുടെ ഫിസിയോയായ യോഗേഷ് പര്‍മാറിന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് മത്സരം ഉപേക്ഷിച്ചത്.

മാറ്റിവെച്ച ടെസ്റ്റിന് പകരമായി അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ ഏകദിന, ട്വന്റി 20 അധികമത്സരങ്ങള്‍ കളിക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് ഗാംഗുലി നേരത്തേ അറിയിച്ചിട്ടുണ്ട്. അഞ്ചാം ടെസ്റ്റ് അടുത്ത വര്‍ഷം നടത്താനുള്ള ശ്രമത്തിലാണ് ഐ.സി.സി. എന്നാല്‍ ഇതിനെതിരേ ഇംഗ്ലണ്ട് രംഗത്തുണ്ട്. നാല് ടെസ്റ്റ് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇന്ത്യ 2-1 ന് പരമ്പരയില്‍ മുന്നിലാണ്. 

Content Highlights: The insurance clause triggering 'cold war' between BCCI and ECB over cancelled Manchester Test