ലണ്ടന്‍: ബാറ്റിങ് ടെക്‌നിക്ക് കൊണ്ട് പ്രസിദ്ധനാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. പന്തുകള്‍ക്കു മുന്നില്‍ അദ്ദേഹം തീര്‍ത്തും നിഷ്പ്രഭനാകുന്നത് വളരെ കുറച്ചുമാത്രമേ നമ്മള്‍  കണ്ടിട്ടുണ്ടാകൂ. ഇപ്പോഴിതാ അത്തരമൊരു പന്തിനെ കുറിച്ച് കോലിയെ ഓര്‍മിപ്പിച്ചിരിക്കുകയാണ് ഇംഗ്ലിഷ് ക്രിക്കറ്റ് ബോര്‍ഡ്.

2018-ലെ പരമ്പരയില്‍ ഹെഡ്ഡിങ്‌ലിയില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ആദില്‍ റഷീദിന്റെ പന്തില്‍ കോലി പുറത്താകുന്നതിന്റെ വീഡിയോയാണ് ഇ.സി.ബി പങ്കുവെച്ചിരിക്കുന്നത്. ഇതല്ലേ കോലീ, നിങ്ങള്‍ നേരിട്ട ഏറ്റവും മികച്ച പന്ത്? എന്ന ചോദ്യവും ഇ.സി.ബി വീഡിയോക്കൊപ്പം കുറിച്ചു.

മത്സരത്തില്‍ 71 പന്തില്‍ 71 റണ്‍സെടുത്ത് തന്റെ 36-ാം ഏകദിന സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെയാണ് കോലിയെ ആദില്‍ റഷീദ് വീഴ്ത്തുന്നത്. ലെഗ് സ്റ്റമ്പില്‍ പിച്ച് ചെയ്ത റഷീദിന്റെ പന്ത് തന്റെ ഓഫ് സ്റ്റമ്പും കൊണ്ടു പോയതോടെ ഞെട്ടിപ്പോകുന്ന കോലിയുടെ മുഖവും വീഡിയോയില്‍ കാണാം.

ഇതുകൂടാതെ ആ പരമ്പരയില്‍ കോലിയെ തുടര്‍ച്ചയായി മൂന്ന് ഏകദിനങ്ങളിലും പുറത്താക്കിയത് സ്പിന്നര്‍മാരായിരുന്നു. ആദ്യത്തെയും മൂന്നാമത്തെയും മത്സരങ്ങളില്‍ കോലിയെ റഷീദ് മടക്കിയപ്പോള്‍ രണ്ടാം മത്സരത്തില്‍ മോയിന്‍ അലി ഇന്ത്യന്‍ ക്യാപ്റ്റനെ വിക്കറ്റിനു മുന്നില്‍ കുടുക്കി.

കോലിയെ കൂടാതെ ആ മത്സരത്തില്‍ ദിനേഷ് കാര്‍ത്തിക്കിനെയും സുരേഷ് റെയ്‌നയേയും കൂടി മടക്കിയ റഷീദ് ഇന്ത്യയെ എട്ടിന് 256-ല്‍ ഒതുക്കി. മറുപടി ബാറ്റിങ്ങില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് ലക്ഷ്യത്തിലെത്തി.

Content Highlights: The best you’ve ever faced ECB posts video of India captain’s dismissal to Adil Rashid