സിഡ്‌നി: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിനിടെ ഇംഗ്ലീഷ് താരങ്ങളായ ബെന്‍ സ്റ്റോക്ക്‌സിനെയും ജോണി ബെയര്‍സ്‌റ്റോയേയും അധിക്ഷേപിച്ച മൂന്ന് കാണികളെ സിഡ്‌നി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കി.

ടെസ്റ്റിന്റെ മൂന്നാം ദിനമായിരുന്ന വെള്ളിയാഴ്ച കളി നടക്കുന്നതിനിടെയായിരുന്നു സംഭവം. 

സിഡ്‌നി മോണിങ് ഹെറാള്‍ഡാണ് താരങ്ങള്‍ക്കെതിരേ കാണികളില്‍ നിന്നുണ്ടായ മോശം പെരുമാറ്റത്തിന്റെ വീഡിയോ പുറത്തുവിട്ടത്. മൂന്നാം ദിനം ചായക്ക് ശേഷം മൈതാനത്തേക്കിറങ്ങുമ്പോഴായിരുന്നു ഇത്. സ്‌റ്റോക്ക്‌സിനോട് 'നീ  തടിച്ചല്ലോ' എന്ന് കാണികളില്‍ ഒരാള്‍ പറയുന്നത് വീഡിയോയിലുണ്ട്. മറ്റൊരാള്‍ ബെയര്‍സ്‌റ്റോയോട് 'നിങ്ങളുടെ ജമ്പര്‍ അഴിച്ച് മാറ്റൂ, ഭാരം കുറയ്ക്കൂ' എന്നാണ് പറഞ്ഞത്.

സ്റ്റോക്ക്‌സ് ഇതിനോട് പ്രതികരിച്ചില്ലെങ്കിലും, കാണികളുടെ പരാമര്‍ശം കേട്ട് കോണിപ്പടികള്‍ ഇറങ്ങിവരുന്നതിനിടെ ഒന്ന് നിന്നു. എന്നാല്‍ ബെയര്‍‌സ്റ്റോ മിണ്ടാതിരുന്നില്ല. 'അത് ശരി, തിരിഞ്ഞ് നിന്ന്, നേരേ വിട്ടോ' എന്നായിരുന്നു താരം ഇവരോട് പ്രതികരിച്ചത്.

ഇതിനു ശേഷമാണ് കാണികളെ അധികൃതര്‍ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കുന്നത്. മൂന്നാം ദിവസത്തിന്റെ അവസാനം താന്‍ സെഞ്ചുറി നേടി മടങ്ങിവരുന്നത് കാണാന്‍ അവര്‍ അവിടെ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നതായി ബെയര്‍‌സ്റ്റോ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. 

ഓസ്‌ട്രേലിയക്കെതിരേ ഒന്നാം ഇന്നിങ്‌സില്‍ നാലിന് 36 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ഇംഗ്ലണ്ടിനെ കരകയറ്റിയ ഇരുവരുടെയും കൂട്ടുകെട്ടിനിടെയായിരുന്നു ഈ മോശം സംഭവം. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 128 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇംഗ്ലണ്ടിനെ ഫോളോ ഓണ്‍ എന്ന നാണക്കേടില്‍ നിന്ന് രക്ഷിച്ചത് ഈ കൂട്ടുകെട്ടാണ്. സെഞ്ചുറി നേടിയ ബെയര്‍സ്‌റ്റോ 158 പന്തില്‍ നിന്ന് 113 റണ്‍സെടുത്തപ്പോള്‍ 91 പന്തില്‍ നിന്ന് 1 സിക്സും 9 ഫോറുമടക്കം 66 റണ്‍സായിരുന്നു സ്റ്റോക്ക്സിന്റെ സമ്പാദ്യം.

Content Highlights: the ashes three evicted from scg abusing jonny bairstow and ben stokes