കോഴിക്കോട്: ചേട്ടന്മാരെ സാക്ഷിയാക്കി ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഒരൊറ്റ സീസണ്‍കൊണ്ട് അദ്ഭുതം കാട്ടുകയാണ് ഒരു പത്തൊന്പതുകാരന്, കേരളത്തില്‍ വേരുകളുള്ള കര്‍ണാടക ബാറ്റ്സ്മാന് ദേവദത്ത് പടിക്കല്‍.
സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിലെ 12 ഇന്നിങ്സില്‍ ഒരു സെഞ്ചുറിയും 5 അര്‍ധസെഞ്ചുറിയും സഹിതം 580 റണ്‍സ്. വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിലെ 11 ഇന്നിങ്സില്‍ രണ്ടു സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 609 റണ്‍സ്.
23 ഇന്നിങ്സില്‍ 13 തവണയും അന്‍പത് റണ്‍സ് കടന്നു. വിജയ് ഹസാരെയില്‍ 67.66, സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ 64.44 എന്നിങ്ങനെയാണ് റണ്‍ ശരാശരി. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് പരിമിത ഓവര്‍ ടൂര്‍ണമെന്റുകളിലും ടോപ് സ്കോറര്‍ ആയി. ഇടംകൈയന്‍ ബാറ്റ്സ്മാനായ ദേവദത്ത് പടിക്കല്‍ ഒരൊറ്റ സീസണ്കൊണ്ടു തന്നെ ഇന്ത്യയുടെ സീനിയര്‍ ടീമിന്റെ പടിവാതില്‍ക്കലെത്തിക്കഴിഞ്ഞു.
കെ.എല്‍. രാഹുല്‍, മായങ്ക് അഗര്‍വാള്‍, മനീഷ് പാണ്ഡെ, കരുണ്‍ നായര്‍ തുടങ്ങി ഇന്ത്യന്‍ താരങ്ങള്‍ അണിനിരക്കുന്ന കര്‍ണാടക ടീമില്‍നിന്നാണ് ദേവദത്തിന്റെ ഈ പ്രകടനം എന്നോര്‍ക്കണം. രഞ്ജി ട്രോഫി ടെസ്റ്റ് മത്സരം തുടങ്ങുന്നതിനുമുമ്പുതന്നെ സീസണില്‍ 1000 റണ്‍സ് തികച്ചു. ഈ വര്‍ഷം 1000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്റ്സ്മാനുമായി.
പാലക്കാട് ചിറ്റൂര്‍ കുന്നത്തുവീട്ടില്‍ ബാബ്നുവിന്റെയും എടപ്പാള്‍ പടിക്കല്‍ അമ്പിളിയുടെയും മകനായ ദേവദത്ത് ഏറെക്കാലം ഹൈദരാബാദിലായിരുന്നു. അവിടെവെച്ചാണ് ക്രിക്കറ്റ് ഗൗരവമായെടുത്തത്. കുടുംബം പിന്നീട് ബെംഗളൂരുവിലെത്തി. അണ്ടര്‍ 19 ഏഷ്യാകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ രഞ്ജി ട്രോഫിയില്‍ കര്‍ണാടകയ്ക്കുവേണ്ടി ഫസ്റ്റ് ക്ലാസില്‍ അരങ്ങേറി.
കഴിഞ്ഞ ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ടീമിലെത്തി. ഒരുവര്‍ഷം മുമ്പ് കര്‍ണാടക ടീമില്‍ അവസരത്തിനായി കാത്തിരുന്ന ദേവദത്ത് ഈ വര്‍ഷം തുടക്കത്തിലേ ടീമിന്റെ ബാറ്റിങ് പ്രതീക്ഷയായി. കെ.എല്‍. രാഹുലിനൊപ്പം ഓപ്പണറായി ഇറങ്ങി. രണ്ടു ടൂര്‍ണമെന്റുകളിലും കര്‍ണാടക കിരീടം ചൂടി.
ഇടംകൈയനാണെങ്കിലും ഇരുഭാഗങ്ങളിലേക്കും അനായാസം ശക്തമായ ഷോട്ട് കളിക്കാന്‍ കഴിയുന്നതും സ്പിന്നിനെ നേരിടുന്നതിലെ മികവും പക്വതയോടെ സന്ദര്‍ഭോചിതമായി ഇന്നിങ്സിനെ മുന്നോട്ടുകൊണ്ടുപോകാനുള്ള കഴിവും ദേവദത്തിനെ വ്യത്യസ്തനാക്കുന്നു.
Content Highlights: The 19 year old Devdutt Padikkal made a mark this season
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..