ന്യൂഡൽഹി: ഐ.പി.എല്ലിന്റെ ആദ്യ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിലായിരുന്നു പാർഥിവ് പട്ടേൽ. അന്ന് എം.എസ് ധോനിയുടെ കീഴിൽ കളിച്ചതിന്റെ ഓർമകൾ പങ്കുവെയ്ക്കുകയാണ് പാർഥിവ് പട്ടേൽ. കളിക്കാരിൽ നിന്ന് എന്താണ് വേണ്ടതെന്ന് ധോനിക്ക് കൃത്യമായി അറിയാമെന്നും അതുകൊണ്ടുതന്നെ ധോനിയുടെ ടീം മീറ്റിങ്ങുകൾ രണ്ട് മിനിറ്റിനുള്ളിൽ അവസാനിക്കുമെന്നും പാർഥിവ് പറയുന്നു. സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പാർഥിവ്.

'2008ലെ ഐ.പി.എൽ ഫൈനലിൽ ധോനിയുടെ ടീം മീറ്റിങ് രണ്ട് മിനിറ്റിനുള്ളിൽ അവസാനിച്ചു. 2019-ലും ഇങ്ങനെ തന്നെ ആയിരുന്നു. എന്താണ് കളിക്കളത്തിൽ ചെയ്യേണ്ടതെന്നും ഓരോ താരങ്ങളിൽ നിന്നും എന്താണ് പ്രതീക്ഷിക്കുന്നതെന്നും ധോനിക്ക് കൃത്യമായ ധാരണയുണ്ട്. ബൗളർമാരേയും ബാറ്റ്സ്മാൻമാരേയും ഒരുപോലെ ഉൾപ്പെടുത്തി സാഹചര്യങ്ങൾക്ക് അനുസരിച്ച് ടീമിനെ ഒരുക്കാനും ധോനിക്ക് അറിയാം.'' പാർഥിവ് പറയുന്നു.

'ഹസ്സി, ഫ്ളെമിങ്, ഹെയ്‌ഡൻ തുടങ്ങിയ താരങ്ങളെ നിരീക്ഷിച്ചാണ് ഞാൻ 2008-ൽ ക്രിക്കറ്റിൽ ഒരുപാട് പുതിയ കാര്യങ്ങൾ പഠിച്ചത്. അവരെല്ലാം എങ്ങനെയാണ് വലിയ മത്സരങ്ങൾക്ക് തയ്യാറെടുക്കുന്നതെന്ന് ഞാൻ മനസ്സിലാക്കിയെടുക്കും.' പാർഥിവ് കൂട്ടിച്ചേർത്തു.

2010 വരെ പാർഥിവ് ചെന്നൈയിൽ കളിച്ചു. 2008-ലെ ആദ്യ സീസണിൽ 13 മത്സരങ്ങൾ കളിച്ച പാർഥിവ് 302 റൺസ് അടിച്ചെടുത്തു. പിന്നീട് കൊച്ചി ടസ്കേഴ്സ്, ഡെക്കാൻ ചാർജേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമുകൾക്ക് വേണ്ടിയും പാർഥിവ് ജഴ്സിയണിഞ്ഞു.

Content Highlights: MS Dhoni Was Clear About Plans, Parthiv Patel