ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് പരിക്കേറ്റ ഓപ്പണർ ശുഭ്മാൻ ഗില്ലിന് പകരം രണ്ട് ഓപ്പണർമാരെ ആവശ്യപ്പെട്ട ഇന്ത്യൻ ടീം മാനേജ്മെന്റിനോട് പ്രതികരിക്കാതെ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ. ജൂൺ 28-ന് ഇന്ത്യൻ ടീം മാനേജർ ഗിരീഷ് ധോഗ്രേ ചേതൻ ശർമയ്ക്ക് ഇ-മെയിൽ അയച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.

ശുഭ്മാൻ ഗില്ലിന്റെ പരിക്കിനെ തുടർന്ന് ഒഴിവു വന്ന സ്ഥാനത്ത് മറ്റൊരു താരത്തെ വേണമെന്നും ഇനി ഒരു താരം പരിക്കിലേക്ക് വീഴാനുള്ള സാഹചര്യം മുന്നിൽകണ്ട് ഒരു എക്സ്ട്രാ താരത്തെ കൂടി അനുവദിക്കണം എന്നുമാണ് ചീഫ് സെലക്ടർക്ക് നൽകിയ കത്തിൽ ടീം മാനേജർ ആവശ്യപ്പെടുന്നത്.

പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കൽ എന്നിവരേയാണ് ലണ്ടനിലേക്ക് അയക്കാൻ പരിഗണിക്കുകയെന്നും സൂചനയുണ്ട്. ഇരുവരും ശ്രീലങ്കൻ പര്യടനത്തിലായതിനാൽ അവിടെ നിന്ന് ലണ്ടനിലേക്ക് അയക്കുമോ എന്ന കാര്യം സംശയമാണ്.

എന്നാൽ ഇക്കാര്യത്തിൽ ബിസിസിഐയും ചീഫ് സെലക്ടറും പ്രതികരിക്കാത്തത് എന്താണെന്ന് ആരാധകർ ചോദിക്കുന്നു. പകരം കളിക്കാരെ അയക്കില്ലെന്ന് വ്യക്തമാക്കിയാൽ നിലവിൽ ടീമിലുള്ളവരെവെച്ച് ക്യാപ്റ്റനും കോച്ചിനും പദ്ധതികൾ തയ്യാറാക്കാമെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.

24 അംഗ സംഘത്തെയാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് അയച്ചത്. അതിൽ നാല് താരങ്ങൾ സ്റ്റാൻഡ്ബൈ ആണ്. ഇതിൽ സ്റ്റാൻഡ്ബൈ ഓപ്പണിങ് ബാറ്റ്സ്മാനായി അഭിമന്യു ഈശ്വറാണുള്ളത്. എന്നാൽ അഭിമന്യുവിനെ ഇറക്കാൻ ടീം മാനേജ്മെന്റിന് ആത്മവിശ്വാസക്കുറവുണ്ട്.

നിലവിൽ രോഹിത് ശർമയ്ക്കൊപ്പം ഓപ്പണിങ്ങിൽ ഇറങ്ങാൻ മായങ്ക് അഗർവാളും ഹനുമാ വിഹാരിയുമുണ്ട്. ഇവരിൽ ആരെങ്കിലും ഒരാളായിരിക്കും രോഹിതിനൊപ്പം ക്രീസിലെത്തുക. അങ്ങനെയെങ്കിൽ കെഎൽ രാഹുലിനെ മധ്യനിരയിലേക്ക് മാറ്റിയേക്കും.

Content Highlights: Team management asked for two openers as back up to replace injured Shubman Gill