ന്യൂഡല്‍ഹി: ഇന്ത്യയുടെ യുവതാരങ്ങളെ വാനോളം പുകഴ്ത്തി പേസര്‍ മുഹമ്മദ് ഷമി രംഗത്ത്. ടീമിലെ പ്രധാന താരങ്ങളില്‍ ഒരാള്‍ വിരമിച്ചാലും അത് ഇന്ത്യയെ കഷ്ടപ്പെടുത്തില്ലെന്നും യുവതാരങ്ങളെ ചൂണ്ടിക്കാട്ടി ഷമി പറഞ്ഞു.

ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇഷാന്ത് ശര്‍മ, ജസ്പ്രീതം ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്ക് എല്ലാ ടെസ്റ്റിലും കളിക്കാനായിരുന്നില്ല. പക്ഷേ അതൊന്നും തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്ക് തടസമേ ആയിരുന്നില്ല. 

തന്റെ കരിയറിലെ മൂന്നാം ടെസ്റ്റില്‍ തന്നെ ഇന്ത്യയുടെ ബൗളിങ് ആക്രമണത്തിന് നേതൃത്വം നല്‍കാന്‍ സിറാജിനായി. നെറ്റ് ബൗളര്‍മാരായി ഓസ്‌ട്രേലിയയിലെത്തിയ ശാര്‍ദുല്‍ താക്കൂറിനും ടി. നടരാജനും അപ്രതീക്ഷിത അവസരങ്ങള്‍ ലഭിച്ചു. ലഭിച്ച അവസരങ്ങളെല്ലാം അവര്‍ നന്നായി വിനിയോഗിക്കുകയും ചെയ്തു. 

''ഞങ്ങളുടെ സമയമെത്തുമ്പോള്‍ (വിരമിക്കല്‍) ആ ചുമതലകള്‍ ഏറ്റെടുക്കാന്‍ യുവാക്കള്‍ തയ്യാറാണ്. അവര്‍ എത്രത്തോളം കളിക്കുന്നുവോ അത്രയും മികച്ചത് അവര്‍ക്ക് ലഭിക്കും. ഞങ്ങള്‍ ഞങ്ങളുടെ കളി അവസാനിപ്പിക്കുമ്പോഴേക്കും ആ മാറ്റം സുഗമമായിരിക്കും. പ്രധാന താരങ്ങളില്‍ ഒരാള്‍ വിരമിച്ചാല്‍ പോലും ടീം അതിന്റെ പേരില്‍ കഷ്ടപ്പെടില്ല. കാരണം ബെഞ്ച് ഇപ്പോള്‍ തന്നെ തയ്യാറാണ്. യുവാക്കള്‍ക്ക് അനുഭവസമ്പത്താണ് ആവശ്യം. അവര്‍ക്ക് അത് അധികം വൈകാതെ ലഭിക്കുകയും ചെയ്യും.'' - ഷമി വ്യക്തമാക്കി.

Content Highlights: Team India will not suffer even if one big name retires says Mohammed Shami