Photo: twitter.com/BCCI
ഡബ്ലിന്‍: ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള പരീക്ഷണടീമുമായി ഇന്ത്യ ആദ്യ ട്വന്റി 20 മത്സരത്തില്‍ ഞായറാഴ്ച അയര്‍ലന്‍ഡിനെ നേരിടുന്നു. ഡബ്ലിനിലെ മലാഹിഡില്‍ രാത്രി ഒമ്പതിനാണ് മത്സരം തുടങ്ങുക. ട്വന്റി 20 ലോകകപ്പ് അരികിലെത്തി നില്‍ക്കെ, യുവതാരങ്ങള്‍ക്ക് പ്രതിഭ തെളിയിക്കാനുള്ള അവസരമാണ് രണ്ട് മത്സരങ്ങളുടെ പരമ്പര.
ഫൈനല്‍ ഇലവനില്‍ ആരൊക്കെ എന്നതാണ് ആകാംക്ഷ. ചീഫ് കോച്ച് രാഹുല്‍ ദ്രാവിഡ് ഇംഗ്ലണ്ടില്‍ ടെസ്റ്റ് ടീമിനൊപ്പമായതിനാല്‍ വി.വി.എസ്. ലക്ഷ്മണിനാണ് അയര്‍ലന്‍ഡ് ചുമതല. ടെസ്റ്റ് ടീമിലായതിനാല്‍ ശ്രേയസ് അയ്യരും ഋഷഭ് പന്തും ഒഴിച്ചിട്ട മൂന്ന്, നാല് നമ്പര്‍ സ്ഥാനങ്ങള്‍ക്കായി അഞ്ചുപേര്‍ രംഗത്തുണ്ട്. സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്, ദീപക് ഹൂഡ, വെങ്കടേഷ് അയ്യര്‍, രാഹുല്‍ ത്രിപാഠി എന്നിവരാണ് രംഗത്ത്. ഇതില്‍ സൂര്യകുമാറിന് സ്ഥാനം ഉറപ്പാണ്. ടീമിലേക്ക് തിരിച്ചെത്തിയ മലയാളി താരം സഞ്ജുവിന് അവസരം കിട്ടുമെന്ന് സൂചനയുണ്ട്. അന്താരാഷ്ട്ര ട്വന്റി 20-യില്‍ സ്ഥാനം ഉറപ്പിക്കാന്‍ ഇതുവരെ സഞ്ജുവിന് കഴിഞ്ഞിട്ടില്ല.
ദീപക് ഹൂഡയും വെങ്കടേഷ് അയ്യരും ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ ഫൈനല്‍ ഇലവനില്‍ ഉള്‍പ്പെട്ടിരുന്നില്ല. ത്രിപാഠി അരങ്ങേറ്റ മത്സരത്തിനായ് കാത്തിരിക്കുന്നു.
മൂന്നു വിക്കറ്റ് കീപ്പര്‍മാര്‍ ടീമിലുണ്ട് -ദിനേഷ് കാര്‍ത്തിക്, ഇഷാന് കിഷന്, സഞ്ജു. കാര്‍ത്തിക് സ്വാഭാവികമായും ടീമിലുണ്ടാവും. ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇഷാന് മികച്ച ഫോമിലായിരുന്നു. ഇഷാനും ഋതുരാജ് ഗെയ്ക്വാദും ചേര്‍ന്നാവും ഓപ്പണ്‍ ചെയ്യുക.
ബൗളിങ്ങില്‍ ഉമ്രാന് മാലിക്കും അര്‍ഷ്ദീപ് സിങ്ങും അവസരം കാത്തിരിക്കുന്നു. രണ്ടുപേര്‍ക്കും ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഒരു മത്സരംപോലും കളിക്കാനായില്ല. ലോകകപ്പ് ടീമില്‍ ഭുവനേശ്വര്‍ കുമാറും ഹര്‍ഷല്‍ പട്ടേലും സ്ഥാനം ഏതാണ്ടുറപ്പിച്ചുകഴിഞ്ഞു. സ്പിന്നറായി യുസ്വേന്ദ്ര ചാഹലുമുണ്ടാവും. ക്യാപ്റ്റനായ് ഹാര്‍ദിക് പാണ്ഡ്യയുടെ അന്താരാഷ്ട്ര അരങ്ങേറ്റമാണിത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..