സിഡ്നി: ഏകദിന പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യയെ കശാപ്പ് ചെയ്യുകയായിരുന്നു ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാര്‍. ആദ്യ ഏകദിനത്തില്‍ 374 റണ്‍സടിച്ചുകൂട്ടിയ ഓസീസ് രണ്ടാം ഏകദിനത്തില്‍ 389 റണ്‍സാണ് സ്വന്തമാക്കിയത്. 

ഓസീസ് ബാറ്റ്‌സ്മാന്‍മാരുടെ തകര്‍പ്പന്‍ ബാറ്റിങ് ഇന്ത്യന്‍ ബൗളിങ്‌നിരയെ ഒരു മോശം റെക്കോഡിന്റെ വക്കില്‍കൊണ്ടെത്തിച്ചിരിക്കുകയാണ്.

ഓപ്പണിങ് വിക്കറ്റിലെ ഏറ്റവും മോശം ശരാശരിയെന്ന നാണക്കേടാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവ്ദീപ് സൈനി എന്നിവരടങ്ങിയ ബൗളിങ് നിരയുണ്ടായിട്ടും രണ്ടാം ഏകദിനത്തില്‍ ഓസീസിന്റെ ആദ്യ വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യയ്ക്ക് 23-ാം ഓവര്‍ വരെ കാത്തിരിക്കേണ്ട് വന്നു.

2020-ല്‍ ഇതുവരെ ഇന്ത്യ കളിച്ചത് എട്ട് ഏകദിനങ്ങളാണ്. 125.42 ആണ് ടീം ഇന്ത്യയുടെ ഓപ്പണിങ് വിക്കറ്റ് ബൗളിങ് ശരാശരി. അതായത് 125 റണ്‍സ് കഴിഞ്ഞാണ് ഇന്ത്യയ്ക്ക് എതിരാളികളുടെ ആദ്യ വിക്കറ്റ് നേടാന്‍ സാധിച്ചത്. 

ഓസീസിനെതിരായ അടുത്ത ഏകദിനത്തില്‍ അക്കൗണ്ട് തുറക്കാന്‍ അനുവദിക്കും മുമ്പ് ആദ്യ വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ലെങ്കില്‍ ഈ കലണ്ടര്‍ വര്‍ഷത്തില്‍ ഓപ്പണിങ് വിക്കറ്റിലെ ഏറ്റവും മോശം ബൗളിങ് പ്രകടനം ഇന്ത്യയുടെ പേരിലാകും.

2001-ല്‍ 104.37 ശരാശരിയുമായി നിലവില്‍ കെനിയയുടെ പേരിലാണ് ഓപ്പണിങ് വിക്കറ്റിലെ ഏറ്റവും മോശം ശരാശരി. 1997-ല്‍ 96 ശരാശരിയുമായി ബംഗ്ലാദേശും 2000-ല്‍ 84.83 ശരാശരിയുമായി സിംബാബ്‌വെയുമാണ് തൊട്ടുപിന്നിലുള്ളത്. 

അതേസമയം ഇന്ത്യയ്‌ക്കെതിരേ അഞ്ചാമത്തെ സെഞ്ചുറി കൂട്ടുകെട്ടാണ് ഫിഞ്ചും വാര്‍ണറും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. ആദ്യ ഏകദിനത്തില്‍ 156 റണ്‍സ് ചേര്‍ത്ത കൂട്ടുകെട്ട് രണ്ടാം ഏകദിനത്തില്‍ 142 റണ്‍സെടുത്ത ശേഷമാണ് പിരിഞ്ഞത്.

Content Highlights: team India stare at unwanted record as Bumrah Shami struggle for early wickets