മാഞ്ചെസ്റ്റര്‍: ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമില്‍ വീണ്ടും വില്ലനായി കോവിഡ്. ടീമിലെ സ്റ്റാഫിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീം പരിശീലനം നിര്‍ത്തിവെച്ചു. 

കോവിഡ് സ്ഥിരീകരിച്ചതോടെ താരങ്ങളെല്ലാം ഉടന്‍ തന്നെ കോവിഡ് ടെസ്റ്റിന് വിധേയരാകും. നേരത്തേ ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയ്ക്കും ബൗളിങ് പരിശീലകന്‍ ഭരത് അരുണിനും ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധറിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇവര്‍ മൂന്നുപേരും നിലവില്‍ ഐസൊലേഷനിലാണ്. ഇന്ത്യന്‍ ടീം അംഗങ്ങള്‍ മുഴുവന്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് ഐ.സി.സി അറിയിച്ചു. നിലവില്‍ അഞ്ചുമത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലാണ്.

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ അവിശ്വസനീയമായ വിജയമാണ് ഇന്ത്യ നേടിയെടുത്തത്. 157 റണ്‍സിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ കീഴടക്കിയത്. നാളെയാണ് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരം ആരംഭിക്കുക. അഞ്ചാം ടെസ്റ്റും വിജയിച്ച് പരമ്പര 3-1 ന് സ്വന്തമാക്കാനാണ് കോലിയും സംഘവും ശ്രമിക്കുക.

Content Highlights: Team India's training session cancelled after member of support staff tests positive