ബ്രിസ്‌ബെയ്ൻ: ഇന്ത്യന്‍ താരങ്ങള്‍ക്ക് വേണ്ടവിധത്തിലുള്ള സൗകര്യങ്ങള്‍ ഓസ്‌ട്രേലിയന്‍ ഹോട്ടലില്‍ ലഭിക്കുന്നില്ല എന്ന പരാതി ഉയര്‍ന്നതോടെ പ്രശ്‌നത്തില്‍ ബി.സി.സി.ഐ ഇടപെട്ടു. ഇന്ത്യന്‍ താരങ്ങള്‍ക്ക് റൂമിന് പുറത്തിറങ്ങാനോ ജിം,സ്വിമ്മിങ് പൂള്‍, റൂം സര്‍വീസ് എന്നീ സൗകര്യങ്ങള്‍ ഉപയോഗിക്കാനോ അനുവാദമുണ്ടായിരുന്നില്ല.

എന്നാല്‍ ബി.സി.സി.ഐ ഇടപെട്ടതോടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് വേണ്ട വിധത്തിലുള്ള സൗകര്യങ്ങള്‍ ലഭിച്ചു. ഇനി മുതല്‍ സ്വിമ്മിങ് പൂളും ജിമ്മുമെല്ലാം താരങ്ങള്‍ക്ക് ഉപയോഗിക്കാം. മാത്രമല്ല റൂം വൃത്തിയാക്കാനുള്ള എല്ലാവിധ സൗകര്യങ്ങളും ഹോട്ടല്‍ അധികൃതര്‍ ഒരുക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. 

മൂന്നാം ടെസ്റ്റിന് ശേഷം ഹോട്ടലിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍ വിഷമം പിടിച്ച ദിവസങ്ങളിലൂടെയായിരുന്നു കടന്നുപോയത്. റൂം വൃത്തിയാക്കാന്‍ പോലും സ്റ്റാഫിനെ ലഭിക്കാതിരുന്നതിനാല്‍ താരങ്ങള്‍ തന്നെ റൂം വൃത്തിയാക്കുകയും വസ്ത്രങ്ങള്‍ അലക്കുകയും ചെയ്യുന്ന ദുരവസ്ഥ വന്നു. ഇത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായതോടെയാണ് ബി.സി.സി.ഐ ഇടപെട്ടത്. 

Content Highlights: Team India gets access to swimming pool, gym, housekeeping staff in Brisbane hotel after BCCI intervention