മെല്‍ബണ്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയം നേടിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് ഓസ്‌ട്രേലിയയുടെ ഇതിഹാസ താരം ഷെയ്ന്‍ വോണ്‍. നാലാം ടെസ്റ്റില്‍ 157 റണ്‍സിന് വിജയിച്ച ഇന്ത്യ പരമ്പരയില്‍ 2-1 ന് മുന്നിലെത്തി. 

' ഇംഗ്ലണ്ടിനെതിരേ വിജയം നേടിയ വിരാട് കോലിയ്ക്കും സംഘത്തിനും അഭിനന്ദനങ്ങള്‍. കഴിഞ്ഞ ഒരു വര്‍ഷമായുള്ള ഇന്ത്യയുടെ പ്രകടനം വളരെ മികച്ചതാണ്. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ടീം ഇന്ത്യയുടേതാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇന്ത്യ കിരീടം സ്വന്തമാക്കും'- വോണ്‍ പറഞ്ഞു.

ആദ്യ ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയിട്ടും രണ്ടാമിന്നിങ്‌സില്‍ മികച്ച പ്രകടനം പുറത്തെടുത്താണ് ഇന്ത്യ നാലാം ടെസ്റ്റില്‍ വിജയം സ്വന്തമാക്കിയത്. ഒരു ഘട്ടത്തില്‍ ഇംഗ്ലണ്ട് വിജയത്തിലേക്ക് കുതിക്കുകയായിരുന്നു. എന്നാല്‍ അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിക്കൊണ്ട് ഇന്ത്യ മത്സരം പിടിച്ചടക്കുകയായിരുന്നു. 

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം സെപ്റ്റംബര്‍ പത്തിന് മാഞ്ചെസ്റ്ററില്‍ നടക്കും.

Content Highlights: Team India clearly best Test team in the world, title thoroughly deserved says Shane Warne