ദുബായ്: ഈ മാസം ആരംഭിക്കുന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലൂടെ ഇന്ത്യയുടെ നായകന്‍ വിരാട് കോലിയും സഹനായകന്‍ രോഹിത് ശര്‍മയും ലക്ഷ്യം വെയ്ക്കുന്നത് ചില റെക്കോഡുകളാണ്. 

റണ്‍ മെഷീനായ കോലിയാണ് നിലവില്‍ അന്താരാഷ്ട്ര ട്വന്റി 20 യില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം. 90 മത്സരങ്ങളില്‍ നിന്ന് 3159 റണ്‍സാണ് കോലിയുടെ അക്കൗണ്ടിലുള്ളത്. വരാനിരിക്കുന്ന ലോകകപ്പില്‍ 240 റണ്‍സ് നേടാനായാല്‍ ട്വന്റി 20 ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം എന്ന റെക്കോഡ് കോലിയ്ക്ക് സ്വന്തമാകും. 

നിലവില്‍ ട്വന്റി 20 ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയത് ശ്രീലങ്കയുടെ മഹേല ജയവര്‍ധനെയാണ്. 1016 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. കോലിയ്ക്ക് 776 റണ്‍സാണുള്ളത്. 

സിക്‌സുകളുടെ റെക്കോഡ് സ്വന്തമാക്കാനാണ് രോഹിത് ശര്‍മ ശ്രമിക്കുക. ട്വന്റി 20 ലോകകപ്പില്‍ ഏറ്റവുമധികം സിക്‌സ് നേടിയ താരം എന്ന റെക്കോഡിലാണ് രോഹിത്തിന്റെ കണ്ണ്. വരാനിരിക്കുന്ന ലോകകപ്പില്‍ 10 സിക്‌സുകള്‍ നേടാനായാല്‍ ഈ റെക്കോഡ് രോഹിതിന്റെ പേരിലാകും. നിലവില്‍ 33 സിക്‌സുകളുമായി ഇന്ത്യയുടെ ഇതിഹാസ താരം യുവരാജ് സിങ്ങിന്റെ പേരിലാണ് റെക്കോഡ്. രോഹിത് 23 സിക്‌സുകളാണ് നേടിയിരിക്കുന്നത്. അന്താരാഷ്ട്ര ട്വന്റി 20 യില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളില്‍ രോഹിത് മൂന്നാം സ്ഥാനത്താണ്. 

Content Highlights: Team India captain Virat Kohli and deputy Rohit Sharma eye record-fest outings at ICC World T20