Photo: PTI
ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് രോഹിത് ശര്‍മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.ശനിയാഴ്ച നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് താരത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇംഗ്ലണ്ടിനെതിരെ ജൂലായ് ഒന്നിന് ആരംഭിക്കുന്ന ടെസ്റ്റില്‍ രോഹിത് കളിക്കാനുള്ള സാധ്യത ഇതോടെ മങ്ങി. കഴിഞ്ഞ വര്‍ഷം നടന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ മാറ്റി വെയ്ക്കപ്പെട്ട അവസാന ടെസ്റ്റാണ് എഡ്ജ്ബാസ്റ്റണില് ഒന്നാം തീയതി ആരംഭിക്കുന്നത്. പരമ്പരയില്‍ ഇന്ത്യയുടെ ലീഡിങ് റണ്‍ സ്കോറര്‍ ആയ രോഹിത്തിന്റെ അഭാവം ടീമിന് തിരിച്ചടിയാണ്.
കഴിഞ്ഞ വര്‍ഷം നാല് ടെസ്റ്റുകള്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ (2-1) പരമ്പരയില്‍ മുന്നിലാണ്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ഇംഗ്ലണ്ടിനെതിരെ ഇറങ്ങുമ്പോള്‍ നല്ല ഫോമില്‍ കളിച്ചിരുന്ന രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍ എന്നിവര്‍ രണ്ട് പേരുമില്ലാതെ ഇറങ്ങേണ്ടി വന്നാല്‍ അത് ജയസാധ്യതയെ പോലും ബാധിക്കും. പരിക്ക് കാരണം കെ.എല്‍ രാഹുല്‍ നേരത്തെ തന്നെ ടീമില്‍ നിന്ന് പുറത്തായിരുന്നു.
അതേസമയം രോഹിത്തിന്റെ അഭാവത്തില്‍ ആരായിരിക്കും ടീമിനെ നയിക്കുകയെന്നതും നിര്‍ണായകമാണ്. ആദ്യ നാല് ടെസ്റ്റുകളില്‍ ടീമിനെ നയിച്ച അന്നത്തെ ക്യാപ്റ്റന്‍ വിരാട് കോലിയോ അല്ലെങ്കില്‍ ഇപ്പോഴത്തെ ഉപനായകന്‍ ഋഷഭ് പന്തോ ആകും രോഹിത്ത് കളിച്ചില്ലെങ്കില്‍ ടീമിനെ നയിക്കുക. ആന്റിജന്‍ ടെസ്റ്റിലാണ് പോസിറ്റീവായതെന്നിരിക്കെ ആര്‍ടിപിസിആര്‍ പരിശോധനാ ഫലം കൂടി കാത്തിരിക്കുകയാണ് രോഹിത്തും ടീം മാനേജ്മെന്റും. നിലവില്‍ ഐസൊലേഷനിലാണ് ഇന്ത്യന്‍ നായകന്.
ലെസ്റ്റര്‍ഷെയറിനെതിരായ സന്നാഹ മത്സരത്തില്‍ കളിച്ച രോഹിത് ആദ്യ ഇന്നിങ്സില്‍ ബാറ്റ് ചെയ്തെങ്കിലും 25 റണ്‍സിന് പുറത്തായിരുന്നു. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഇംഗ്ലണ്ടിനെതിരെ മൂന്ന് വീതം ടി20, ഏകദിന മത്സരങ്ങളും ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കളിക്കുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..