സിഡ്‌നി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബൗള്‍ ചെയ്യപ്പെട്ട ഏറ്റവും അപമാനകരവും നാടകീയവുമായ പന്തെറിഞ്ഞിട്ട് 40 വര്‍ഷം പൂര്‍ത്തിയാകുന്നു. 1981 ഫെബ്രുവരി ഒന്നിന് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ആ പന്ത് എറിഞ്ഞതെങ്കിലും വന്നുകൊണ്ടത് ക്രിക്കറ്റ് ചരിത്രത്തിലാണ്. അതിനു നേതൃത്വം കൊടുത്തതോ, ലോക ക്രിക്കറ്റിലെ മികച്ച താരങ്ങളിലൊരാളായി പരിഗണിക്കപ്പെടുന്ന ഓസ്‌ട്രേലിയന്‍ നായകന്‍ ഗ്രെഗ് ചാപ്പലും.

ബെന്‍സണ്‍ ആന്‍ഡ് ഹെഡ്ജസ് ട്രോഫിയില്‍ ഓസ്‌ട്രേലിയന്യൂസീലന്‍ഡ് മൂന്നാം ഏകദിനം. ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയ 50 ഓവറില്‍ നാലിന് 235 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ന്യൂസീലന്‍ഡിന് ജയിക്കാന്‍ അവസാന പന്തില്‍ വേണ്ടത് ആറ് റണ്‍സ്.

ക്രീസില്‍ ബ്രയാന്‍ മക്കെനിയും. ബൗള്‍ ചെയ്യുന്നത് ഗ്രെഗ് ചാപ്പലിന്റെ ഇളയ സഹോദരന്‍ കൂടിയായ ട്രെവര്‍ ചാപ്പല്‍. തോല്‍വിയില്‍നിന്ന് രക്ഷപ്പെടാന്‍ ചാപ്പലിന്റെ നിര്‍ദേശപ്രകാരം ട്രെവര്‍ അണ്ടര്‍ ആം (കൈ അരയ്ക്ക് താഴേക്ക് താഴ്ത്തി പന്ത് ഉരുട്ടിവിടുന്ന രീതി) പന്ത് ബൗള്‍ ചെയ്തു. ഇങ്ങനെയുള്ള പന്തില്‍ സിക്‌സ് അടിക്കുന്നത് ഏറെ ബുദ്ധിമുട്ടാണ്.

ബാറ്റ്‌സ്മാന്‍ ബ്രയാന്‍ മക്കെനി പ്രകോപിതനായി ബാറ്റ് വലിച്ചെറിഞ്ഞു. മത്സരം ഓസ്‌ട്രേലിയ ആറു റണ്‍സിന് ജയിച്ചു. എന്നാല്‍, ചാപ്പലിന്റെ നീക്കം കളിയുടെ മാന്യതയ്ക്ക് നിരക്കുന്നതല്ലെന്ന് അന്നത്തെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ഫ്രേസര്‍ അടക്കം ഒട്ടേറെയാളുകള്‍ പ്രതികരിച്ചു.

Content Highlights: Teacups and tantrums Cricket underarm row turns 40