ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പ്രധാന സ്‌പോണ്‍സറാകാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ വിവോയെ മറികടന്നാണ് ടാറ്റ പുതിയ സ്‌പോണ്‍സറാകുന്നത്. 

ഐ.പി.എല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഗവേണിങ് കൗണ്‍സില്‍ മീറ്റിങ്ങിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബ്രിജേഷ്. ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ തന്നെയുണ്ടാകും. 2018 മുതല്‍ 2022 വരെയാണ് വിവോയ്ക്ക് ഐ.പി.എല്ലുമായി കരാറുണ്ടായിരുന്നത്. 2200 കോടി രൂപയായിരുന്നു കരാര്‍.

എന്നാല്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഗാല്‍വാന്‍ താഴ്‌വരയിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് 2020-ല്‍ വിവോയുമായുള്ള കരാര്‍ ഇന്ത്യ ബഹിഷ്‌കരിച്ചിരുന്നു. അന്ന് ഡ്രീം ഇലവനാണ് ഐ.പി.എല്ലിന്റെ സ്‌പോണ്‍സറായത്. 2021-ല്‍ വിവോ വീണ്ടും സ്‌പോണ്‍സറായി തിരിച്ചെത്തി. 

ടാറ്റയുമായുള്ള കരാര്‍ എത്ര തുകയ്ക്കാണെന്ന് പുറത്തുവന്നിട്ടില്ല. ടാറ്റയുമായുള്ള കരാര്‍ ഒരു വര്‍ഷത്തേക്കായിരിക്കും.

Content Highlights: Tata Group To Be IPL Title Sponsor, Replaces China's Vivo