മുംബൈ: 2008-ല്‍ ഇപ്പോഴത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ നേതൃത്വത്തില്‍ അണ്ടര്‍-19 ലോകകപ്പ് ജയിച്ച ടീമില്‍ അംഗമായിരുന്നു തന്മയ് ശ്രീവാസ്തവ കളിമതിയാക്കി. ആഭ്യന്തര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി അറിയിച്ച ശ്രീവാസ്തവ, തന്റെ കമ്പനിയായ ഒ.എന്‍.ജി.സിക്കായി മാത്രമേ ഇനി കളിക്കൂ എന്നും വ്യക്തമാക്കി. 

30-ാം വയസിലാണ് താരത്തിന്റെ തീരുമാനം. കോലിയുടെ നേതൃത്വത്തില്‍ അണ്ടര്‍-19 ലോകകപ്പ് ജയിച്ച ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു ശ്രീവാസ്തവ. 52.04 ശരാശരിയില്‍ 262 റണ്‍സ് നേടിയ ശ്രീവാസ്തവയായിരുന്നു ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ഫൈനലില്‍ 46 റണ്‍സുമായി ടോപ് സ്‌കോററായതും അദ്ദേഹം തന്നെ.

ആഭ്യന്തര ക്രിക്കറ്റില്‍ ഉത്തര്‍ പ്രദേശിനായും ഉത്തരാഖണ്ഡിനായും കളിച്ച അദ്ദേഹം 90 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 10 സെഞ്ചുറികളും 27 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടെ 34.39 ശരാശരിയില്‍ 4,918 റണ്‍സ് നേടിയിട്ടുണ്ട്. ലിസ്റ്റ് എ ക്രിക്കറ്റില്‍ 44 മത്സരങ്ങളില്‍ നിന്നായി ഏഴു സെഞ്ചുറികളും 10 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടെ 44.30 ശരാശരിയില്‍ 1728 റണ്‍സും നേടി.

വിരാട് കോലി, രവീന്ദ്ര ജഡേജ, മനീഷ് പാണ്ഡെ, സ്റ്റീവ് സ്മിത്ത്, മാര്‍ക്കസ് സ്റ്റോയ്‌നിസ്, ക്രിസ് വോക്‌സ്, കെയ്ന്‍ വില്യംസണ്‍, കോറി ആന്‍ഡേഴ്‌സണ്‍ തുടങ്ങിയവരെല്ലാം 2008-ലെ അണ്ടര്‍-19 ലോകകപ്പില്‍ കളിച്ചവരാണ്. ഇവരെല്ലാം തന്നെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് തന്മയ് ശ്രീവാസ്തവ കളിമതിയാക്കുന്നത്.

Content Highlights: Tanmay Srivastava top run getter at the 2008 U 19 World Cup announced his retirement