ധാക്ക: ഈ വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ബംഗ്ലാദേശിനായി തമീം ഇഖ്ബാല്‍ കളിക്കില്ല. വിശ്വസ്ത ബാറ്റ്‌സ്മാനും ഓപ്പണറുമായ തമീം കളിക്കാത്തത് ബംഗ്ലാദേശിന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. 

കാല്‍മുട്ടിനേറ്റ പരിക്ക് ഭേദമാകാത്തതുമൂലമാണ് താരം ടീമില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ഈ വര്‍ഷം ഏപ്രിലില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനിടെയാണ് തമീമിന് പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് സിംബാബ്വെയ്ക്കും ഓസ്‌ട്രേലിയയ്ക്കും എതിരായ പരമ്പര താരത്തിന് നഷ്ടമായിരുന്നു.

' എനിക്ക് വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പില്‍ കളിക്കാനാകില്ല. പരിക്ക് എന്നെ ബാധിക്കുന്നുണ്ട്. ഇതെന്റെ ഉറച്ച തീരുമാനമാണ്. ഞാന്‍ വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇക്കാര്യം അധികൃതരോട് സംസാരിച്ചിട്ടുണ്ട്.'- തമീം പറഞ്ഞു.

ഈ വര്‍ഷം ഇന്ത്യയില്‍ വെച്ചായിരുന്നു ട്വന്റി 20 ലോകകപ്പ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ കോവിഡ് രോഗം പെരുകിയതിനാല്‍ ലോകകപ്പ് യു.എ.ഇയിലേക്ക് മാറ്റുകയായിരുന്നു. 

ബംഗ്ലാദേശിനായി 78 ട്വന്റി 20 മത്സരങ്ങള്‍ കളിച്ച തമീം 1758 റണ്‍സ് നേടിയിട്ടുണ്ട്. 

Content Highlights: Tamim Iqbal withdraws from upcoming T20 World Cup