ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ പല തരത്തിലുള്ള റണ്‍ഔട്ടുകളും നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷേ ഇത്തരത്തില്‍ ഒന്ന് ആദ്യമായിട്ടാകും. തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസും ലിക കോവൈ കിങ്‌സും തമ്മിലുള്ള മത്സരത്തിനിടെയാണ് രസകരമായ സംഭവങ്ങൾ അരങ്ങേറിയത്.

ലിക കോവൈ കിങ്‌സിന്റെ ഇന്നിങ്‌സിലെ അവസാന പന്തിലാണ് നാടകീയമായ റണ്‍ഔട്ട് സംഭവിച്ചത്. സായ് കിഷോറിന്റെ പന്ത് സ്‌ട്രൈക്കിങ് എന്‍ഡിലുണ്ടായിരുന്ന എം.കെ. ശിവകുമാര്‍ ഫൈന്‍ ലെഗ്ഗിലേയ്ക്ക് അടിച്ചു. പന്തെടുക്കാന്‍ സായ് കിഷോര്‍ ഓടിയപ്പോള്‍ ശിവകുമാറും ദീപനും ചേര്‍ന്ന് ഡബിളെടുത്തു. സായ് കിഷോര്‍ റണ്‍ഔട്ടാക്കാനായി വിക്കറ്റ് കീപ്പര്‍ക്ക് നേരെ പന്ത് എറിഞ്ഞുകൊടുത്തെങ്കിലും അത് ശിവകുമാറിന്റെ ശരീരത്തില്‍ തട്ടി ലക്ഷ്യം തെറ്റി. 

ഈ സമയം ശിവകുമാറും ദീപനും ചേര്‍ന്ന് വീണ്ടും സിംഗിളെടുക്കാന്‍ ശ്രമിച്ചു. പക്ഷേ റണ്‍ഔട്ട് മണത്ത ദീപന്‍ ശിവകുമാറിനോട് തിരിച്ചോടാന്‍ പറഞ്ഞു. വിക്കറ്റ് കീപ്പര്‍ക്ക് പന്ത് കൈപ്പിടിയില്‍ ഒതുക്കാന്‍ കഴിയാതിരുന്നതോടെ ദീപനും ശിവകുമാറും സിംഗിള്‍ പൂര്‍ത്തിയാക്കി ഡബിളിന് ശ്രമിച്ചു. പക്ഷേ അവിടെ കിങ്‌സിന്റെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പിഴച്ചു. നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് ഓടിവന്ന ദീപന്‍ റണ്‍ഔട്ടായി.

ഒരു പന്തില്‍ മൂന്ന് റണ്‍സ് ഓടിയെടുക്കുന്നതിനിടെ രണ്ടു തവണയാണ് റണ്‍ഔട്ടില്‍ നിന്ന് ശിവകുമാര്‍ രക്ഷപ്പെട്ടത്. പക്ഷേ അവസാനം ഔട്ടായത് മറുവശത്തുണ്ടായിരുന്ന ദീപനാണ്. കിങ്‌സിനെ 20 ഓവറില്‍ 146 റണ്‍സിലൊതുക്കിയ ചെപ്പോക്ക് ആറു വിക്കറ്റിന് വിജയിക്കുകയും ചെയ്തു.