കൊല്‍ക്കത്ത: പിങ്ക് ടെസ്റ്റില്‍ സെഞ്ചുറിക്ക് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പുറത്തായത് അദ്ഭുത ക്യാച്ചില്‍. ഇന്ത്യയുടെ ഇന്നിങ്സിന്റെ 81-ാം ഓവറില്‍ ബംഗ്ലാദേശ് താരം തൈജുല്‍ ഇസ്ലാം ബൗണ്ടറി ലൈനിന് അരികില്‍ കോലിയെ പറന്നുപിടിച്ചു. ഈ ക്യാച്ച് കണ്ട് കോലിയും കാണികളും അമ്പരന്നു.
81-ാം ഓവറില്‍ ഇബാദത്ത് ഹൊസൈന്റെ ആദ്യ ബോള്‍തന്നെ ലീഡിങ് എഡ്ജ്. ഗള്ളിയിലൂടെ പന്ത് ബൗണ്ടറി കടന്നു. കോലിയുടെ ഇന്നിങ്സിലെ ആദ്യ പിഴവ്. മൂന്നാം പന്തില്‍ ഗാലറി നിശ്ശബ്ദമായി. ലെഗ്സ്റ്റമ്പിന് പുറത്തുവന്ന പന്ത് മുന്‍കാലിലൂന്നി പിന്‍കാലുയര്‍ത്തി ഫൈന്ലെഗ്ഗിലേക്ക് ഒരു ഫ്ളിക്ക്. ബൗണ്ടറിലൈനില്‍ തൈജുല്‍ ഇസ്ലാമിന്റെ അദ്ഭുത ക്യാച്ച്.
ഉയര്‍ന്നുവരുന്ന പിങ്ക് ബോള്‍ പിടിക്കാന്‍ കാഴ്ചപ്രശ്നമുണ്ടെന്ന സങ്കല്പം തിരുത്തുന്ന ക്യാച്ച്. ഒരു നിമിഷം അദ്ഭുതത്തോടെ നോക്കിയശേഷം കോലി പവലിയനിലേക്ക് നടന്നു. പക്ഷേ, അതിനകം കോലി പിങ്ക് പന്തിലെ ആദ്യ സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു.
നിര്‍ണായക വിക്കറ്റെടുത്തെങ്കിലും ഇബാദത്ത് ഹൊസൈന്‍ ആഘോഷത്തിന് മുതിര്‍ന്നില്ല. സല്യൂട്ട് അടിച്ചാണ് ഇന്ത്യന്‍ ക്യാപ്റ്റനെ യാത്രയാക്കിയത്. 194 പന്തില്‍ 136 റണ്‍സടിച്ച കോലി 18 ബൗണ്ടറികള്‍ കണ്ടെത്തി. കോലി പുറത്താകുമ്പോള്‍ 202 റണ്‍സ് ലീഡുമായി ഇന്ത്യ മത്സരത്തില്‍ ആധിപത്യമുറപ്പിച്ചിരുന്നു.
Content Highlights: Taijul Islam Catch Pink Test Virat Kohli Out India vs Bangladesh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..