ന്യൂഡൽഹി: ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യയിൽ നടക്കാനുള്ള സാധ്യത മങ്ങുന്നു. കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിൽ ലോകകപ്പ് യു.എ.ഇയിലും ഒമാനിലുമായി നടന്നേക്കും. ഇക്കാര്യത്തിൽ ഐസിസിയോട് ബിസിസിഐ സമ്മതം മൂളിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒക്ടോബർ, നവംബർ മാസങ്ങളിലായാണ് ലോകകപ്പ് നടക്കേണ്ടത്.

ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഐസിസി ബിസിസിഐയ്ക്ക് ജൂൺ 28 വരെ സമയം അനുവദിച്ചിട്ടുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇന്ത്യ ആതിഥേയരാകുന്നതിൽ ഐസിസിക്ക് അതൃപ്തിയുണ്ട്. ഇന്ത്യയിലെ സ്ഥിതിഗതികൾ കണക്കിലെടുക്കുമ്പോൾ ലോകകപ്പ് നടത്താൻ പ്രയാസമായിരിക്കുമെന്നാണ് ഐസിസി ബോർഡ് അംഗങ്ങളിൽ ഭൂരിഭാഗം പേരുടേയും അഭിപ്രായം.

കോവിഡ് മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കെ ഒക്ടോബർ-നവംബർ മാസങ്ങളിൽ സ്ഥിതി വഷളായേക്കുമെന്ന സാഹചര്യവും ഐസിസിയെ അലട്ടുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് വേദി മാറ്റത്തിന് ബിസിസിഐ സമ്മതം മൂളുകയായിരുന്നു. ലോകകപ്പ് ഇന്ത്യക്ക് പുറത്തേക്ക് മാറ്റിയാലും ആതിഥേയരുടെ അവകാശങ്ങളെല്ലാം ഇന്ത്യക്കുണ്ടാകും.

ഐപിഎല്ലിന് പിന്നാലെ ലോകകപ്പ് നടക്കുന്നതിനാൽ യു.എ.ഇയിലെ വേദികൾക്ക് അറ്റകുറ്റപ്പണികൾ നടത്തേണ്ടിവരും. ഇതിന് സമയം ലഭിക്കാനായി ആദ്യഘട്ട മത്സരങ്ങൾ ഗൾഫ് മേഖലയിലെ തന്നെ മറ്റൊരു വേദിയിൽ നടത്തുന്നതിനെ കുറിച്ച് ഐസിസി ആലോചിക്കുന്നുണ്ട്. ഒമാനിലെ മസ്ക്കറ്റിനാണ് ആദ്യ പരിഗണന. ദുബായ്, അബൂദാബി, ഷാർജ എന്നിവിടങ്ങളിലാകും യു.എ.ഇയിലെ മത്സരങ്ങളുടെ വേദി.

Content Highlights: T20 World Cup set to be moved out of India ICC intimated internally