ദുബായ്: ഈ മാസം ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പ് വിജയികളെ കാത്തിരിക്കുന്നത് വലിയ സമ്മാനത്തുക. ഇത്തവണത്തെ വിജയികള്‍ക്ക് 1.6 മില്യണ്‍ യു.എസ് ഡോളറാണ് (ഏകദേശം 12 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കുക. 

അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സിയാണ് ഇക്കാര്യം അറിയിച്ചത്. രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് ഏകദേശം ആറുകോടി രൂപയോളം സമ്മാനമായി ലഭിക്കും. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെയാണ് ടൂര്‍ണമെന്റ് നടക്കുക. 

സെമി ഫൈനലില്‍ പരാജയപ്പെടുന്ന ടീമുകള്‍ക്ക്‌ മൂന്ന് കോടി രൂപ വീതം സമ്മാനമായി ലഭിക്കും. സൂപ്പര്‍ 12 പോരാട്ടങ്ങളില്‍ വിജയിക്കുന്ന ടീമുകള്‍ക്കും സമ്മാനത്തുക ഐ.സി.സി. നല്‍കും. സൂപ്പര്‍ 12-ല്‍ വിജയിക്കുന്ന ഓരോ ടീമിനും 30 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക. 

ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീ എട്ടുടീമുകള്‍ സൂപ്പര്‍ 12-ലേക്ക് നേരിട്ട് പ്രവേശനം നേടിയിട്ടുണ്ട്. ബാക്കിയുള്ള നാല് സ്ഥാനങ്ങളിലേക്ക് എട്ടുടീമുകള്‍ യോഗ്യതാ മത്സരം കളിക്കും. കരുത്തരായ ശ്രീലങ്കയ്ക്ക് ഇത്തവണ യോഗ്യതാമത്സരം കളിക്കേണ്ടിവരും. 

Content Highlights: T20 WC Winner to get USD 1.6 million, confirms ICC