ഗയാന: വനിതകളുടെ ടി ട്വന്റി ലോകകപ്പില്‍ ഇന്ത്യ വ്യാഴാഴ്ച അയര്‍ലന്‍ഡിനെ നേരിടും. ആദ്യ രണ്ടു കളികളും ജയിച്ച ഇന്ത്യയ്ക്ക് വ്യാഴാഴ്ച ജയിച്ചാല്‍ സെമിഫൈനലിലെത്താം. അയര്‍ലന്‍ഡാകട്ടെ, ഈ കളി തോറ്റാല്‍ പുറത്താകും. ഇന്ത്യന്‍ സമയം രാത്രി 8.30 മുതല്‍ ഗയാന സ്റ്റേഡിയത്തിലാണ് മത്സരം.

ഗ്രൂപ്പ് ബിയില്‍ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ രണ്ടാം സ്ഥാനത്താണിപ്പോള്‍. മൂന്നു കളികള്‍ ജയിച്ച ഓസ്ട്രേലിയ മുന്നിലുണ്ട്. അയര്‍ലന്‍ഡാകട്ടെ, രണ്ടു കളികളും തോറ്റു. ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനെ 34 റണ്‍സിന് തോല്‍പ്പിച്ച ഇന്ത്യ തുടര്‍ന്ന് പാകിസ്താനെ ഏഴുവിക്കറ്റിന് കീഴടക്കി. ഇപ്പോഴത്തെ ഫോമില്‍ അയര്‍ലന്‍ഡ് ഇന്ത്യയ്ക്ക് വലിയ എതിരാളിയല്ല. എന്നാല്‍ ഏതുഘട്ടത്തിലും തിരിച്ചടിക്കാന്‍ ശേഷിയുള്ള ടീമാണ് അയര്‍ലന്‍ഡ്.

ന്യൂസീലന്‍ഡിനെതിരേ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും പാകിസ്താനെതിരേ മിതാലി രാജും ബാറ്റിങ്ങില്‍ തിളങ്ങി. ജമീമ റോഡ്രിഗസും വരവറിയിച്ചു. സ്മൃതി മന്ഥാന, വേദ കൃഷ്ണമൂര്‍ത്തി തുടങ്ങിയവര്‍കൂടി ബാറ്റിങ്ങില്‍ അവസരംകാത്തിരിക്കുന്നു. ബൗളിങ്ങില്‍ സ്പിന്നര്‍മാരായ ദയാലന്‍ ഹേമലതയും പൂനം യാദവും മികച്ച ഫോമിലാണ്. ഇരുവരും ചേര്‍ന്ന് പത്ത് വിക്കറ്റ് നേടിക്കഴിഞ്ഞു.

Content Highlights: t20 wc india look to seal semifinal spot against struggling ireland